ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ വീണ്ടും കൈയേറ്റം
ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ വീണ്ടും കൈയേറ്റം
ഇടുക്കി: ചിന്നക്കനാലില്‍ ഹൈക്കോടതി വ്യാജമെന്ന് കണ്ടെത്തി പട്ടയം റദാക്കി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ വീണ്ടും കൈയേറ്റം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. സംഭവത്തില്‍ സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസും രംഗത്തെത്തി. തഹസില്‍ദാറുടെ ഉത്തരവും ഹൈക്കോടതി വിധിയും കാറ്റില്‍പ്പറത്തിയാണ് കൈയേറ്റം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ. വര്‍ഗീസ് എന്ന വ്യക്തിയുടെ കൈവശം ഉണ്ടായിരുന്ന ഈ ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് 2010-ല്‍ ഹൈക്കോടതി കണ്ടെത്തുകയും തുടര്‍ന്ന് സര്‍ക്കാര്‍ ഈ ഭൂമി പൂര്‍ണമായും ഏറ്റെടുക്കുകയും ചെയ്തിരുന്നു. വ്യാജമായി ചമച്ച പട്ടയവും തണ്ടപ്പേരും റദാക്കിക്കൊണ്ട് തഹസില്‍ദാര്‍ ഉത്തരവും ഇറക്കിയിരുന്നു. എന്നാല്‍ ഈ വസ്തുതകളെല്ലാം മറച്ചുവച്ചുകൊണ്ട് ഹൈക്കോടതിയില്‍നിന്ന് തങ്ങള്‍ക്ക് അനുകൂല ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന വ്യാജ പ്രചാരണം നടത്തിയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവിടെ അതിക്രമിച്ച് കയറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സ്ഥലം വെട്ടിത്തെളിച്ചതിന്റെ പിന്നില്‍ സിപിഐഎമ്മിന്റെ പ്രാദേശിക നേതാവിന്റെ ഗൂഢാലോചനയുണ്ട്. റവന്യു ഉദ്യോഗസ്ഥര്‍ അടിയന്തിരമായി ഇടപെട്ട് ഭൂമി സംരക്ഷിക്കണമെന്നും കോണ്‍ഗ്രസ് ചിന്നക്കനാല്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വേല്‍മണി പറഞ്ഞു. ഭൂമി കൈയേറ്റത്തിനെതിരെ കോണ്‍ഗ്രസ് ചിന്നക്കനാല്‍ മണ്ഡലം കമ്മിറ്റി ശാന്തന്‍പാറ പൊലീസ്, ദേവികുളം സബ് കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ലയങ്ങളില്‍ ദുരിതജീവിതം നയിക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കാതെ ഭൂമാഫിയയ്ക്ക് റവന്യു ഭൂമി തട്ടിയെടുക്കാന്‍ അധികാരികള്‍ കൂട്ടുനിന്നാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
What's Your Reaction?
