മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച ഷെഡുകള്‍ പൊളിച്ചുനീക്കി
മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച ഷെഡുകള്‍ പൊളിച്ചുനീക്കി
ഇടുക്കി: മൂന്നാര്‍ എം ജി നഗറിനുസമീപം സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച ഷെഡുകള്‍ പൊളിച്ചുനീക്കി. ദേവികുളം സബ് കലക്ടറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇരുപതിലേറെ ഷെഡുകളാണ് പൊളിച്ചുനീക്കിയത്. 2024ല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ ലക്ഷം നഗറിന് സമീപം മണ്ണിടിച്ചിലില്‍ ഉണ്ടാകുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവിടെയുള്ള ഏഴോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. എന്നാല്‍ പിന്നീട് ഇവര്‍ക്ക് സുരക്ഷിതമായ സ്ഥിരം സംവിധാനം ഉണ്ടാക്കി നല്‍കിയില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ മാസം എംജി നഗറിന് സമീപം ഈ ഏഴ് കുടുംബങ്ങള്‍ സര്‍ക്കാര്‍ ഭൂമിയില്‍ കയറി ഷെഡുകള്‍ സ്ഥാപിച്ചു. എന്നാല്‍ ഷെഡുകള്‍ റവന്യൂ സംഘം പൊളിച്ചുനീക്കിയിരുന്നു. തുടര്‍ന്ന് ഷെഡുകള്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് വീടും സ്ഥലവും ആവശ്യപ്പെട്ട് ദേവികുളം സ്‌പെഷ്യല്‍ റവന്യൂ ഓഫീസിന് മുമ്പില്‍ ഏഴു കുടുംബങ്ങള്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു. പിന്നീട് ഇവര്‍ കോടതി ഉത്തരവ് സമ്പാദിക്കുകയും റവന്യൂ സംഘം ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും ഷെഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതോടെ സമീപത്തെ വീടില്ലാത്തവരും വീട് ഉള്ളവരുമായ ആളുകള്‍ സ്ഥലത്തെത്തി സര്‍ക്കാര്‍ ഭൂമിയില്‍ ഷെഡുകള്‍ സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇവ പൊളിച്ചുനീക്കിയത്. തങ്ങള്‍ വര്‍ഷങ്ങളായി വാടകവീട്ടിലാണ് കഴിയുന്നതെന്നും സ്വന്തമായി ഒരു വീടില്ലെന്നും താമസക്കാര്‍ പറഞ്ഞു.
What's Your Reaction?