കോടികള്‍ അനുവദിച്ചിട്ടും നിര്‍മാണം വൈകുന്നു: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി- മേപ്പരട്ട് റോഡ് ഗതാഗതയോഗ്യമാക്കി നാട്ടുകാര്‍
കോടികള്‍ അനുവദിച്ചിട്ടും നിര്‍മാണം വൈകുന്നു: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി- മേപ്പരട്ട് റോഡ് ഗതാഗതയോഗ്യമാക്കി നാട്ടുകാര്‍
ഇടുക്കി: കോടികള്‍ അനുവദിച്ചിട്ടും നിര്‍മാണം ആരംഭിക്കാത്തതിനാല്‍ വണ്ടിപ്പെരിയാര്‍ വാളാര്‍ഡി- മേപ്പരട്ട് റോഡ് നാട്ടുകാര്‍ ഗതാഗതയോഗ്യമാക്കി. സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തിലാണ് പ്രദേശവാസികള്‍ സംഘടിച്ച് മുന്നിട്ടിറങ്ങിയത്. ആദ്യഘട്ടത്തില്‍ 16 കോടിയും തുടര്‍ന്ന് 3.5 കോടിയും റോഡ് നിര്‍മാണത്തിനായി അനുവദിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ടെന്‍ഡര്‍ വിളിക്കുകയോ കരാര്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. വണ്ടിപ്പെരിയാറിലെ കാര്‍ഷിക, തോട്ടം മേഖലകളിലേക്കുള്ള പ്രധാനപാതയാണിത്. വാളാര്‍ഡി മുതല്‍ മേപ്പരട്ട് വരെയുള്ള 5 കിലോമീറ്റര്‍ ഭാഗം 10 വര്‍ഷംമുമ്പ് ജില്ലാ പഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് ടാര്‍ ചെയ്തിരുന്നു. പിന്നീട് അറ്റകുറ്റപ്പണി നടത്താതെ റോഡ് ഗതാഗതയോഗ്യമല്ലാതായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതായി അറിയിച്ചിരുന്നു. ടാറിങ് തകര്‍ന്ന് വന്‍ ഗര്‍ത്തങ്ങളും മഴക്കാലത്ത് വെള്ളക്കെട്ടുകളും രൂപപ്പെടുകയും റോഡിനിരുവശവും കാടുകളും വളര്‍ന്നതോടെ ഗതാഗതം ദുഷ്‌കരമായി. ഓട്ടോ, ടാക്‌സി വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടിയിരുന്നു. അടിയന്തര സാഹചര്യത്തില്‍ ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍ പോലും ഓട്ടംപോകാന്‍ വിസമ്മതിച്ചതോടെയാണ് നാട്ടുകാര്‍ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചത്. മേപ്പരട്ട് മുതല്‍ ഫാക്ടറി വരെയുള്ള ഭാഗത്തെ കുഴികള്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നികത്തി. നിലവില്‍ വാഹനങ്ങള്‍ സുഗമമായി കടന്നുപോകാനാകും. 35,000 രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. വണ്ടിപ്പെരിയാറില്‍നിന്ന് ഈ റൂട്ടില്‍ കുറഞ്ഞദൂരത്തില്‍ കട്ടപ്പന ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയും. വിഷയത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് റോഡ് പൂര്‍ണമായി സഞ്ചാരയോഗ്യമാക്കാന്‍ നടപടിസ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
What's Your Reaction?
