വെള്ളക്കെട്ടിൽ വലഞ്ഞ് മൂന്നാർ ഇക്കാനഗർ നിവാസികൾ
വെള്ളക്കെട്ടിൽ വലഞ്ഞ് മൂന്നാർ ഇക്കാനഗർ നിവാസികൾ
ഇടുക്കി: ഇക്കാനഗറിലെ വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ ദുരിതത്തിൽ. ഇക്കാനഗറിലേക്ക് എത്തുന്ന റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് ഇവിടെ വെള്ളക്കെട്ടിന് ഇടവരുത്തുന്നത്. മഴക്കാലമായതോടെ ഇക്കാ നഗറിലേക്കുള്ള യാത്ര പൂർണമായും വെള്ളത്തിലൂടെയായി മാറി. റോഡിന് ഓട ഇല്ലാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാക്കാൻ കാരണം. ചെറിയതോതിലുള്ള മഴ പെയ്താൽപോലും ഇവിടെ വെള്ളം കെട്ടിക്കിടക്കുകയാണ്. എൻജിനീയറിങ് കോളേജ്, ആർട്സ് കോളേജ് വിദ്യാർഥികളും അധ്യാപകരും അങ്കണവാടിയിലെ കുരുന്നുകളും ദിവസേന യാത്ര ചെയ്യുന്ന പ്രധാന റോഡാണിത്. മഴ ശക്തമായാൽ റോഡിനുസമീപത്തുള്ള വീടുകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പഞ്ചായത്തിലും പഞ്ചായത്ത് അംഗങ്ങൾക്കും പരാതി നൽകിയിട്ടും വെള്ളക്കെട്ട് നീക്കുന്നതിനുള്ള നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം റോഡിനുസമീപം ഓട നിർമിച്ച് മഴവെള്ളം സുഗമമായി ഒഴുക്കി വിടാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?
