കൊച്ചി-ധനുഷ്‌കോടി ദേശീയപാതാ വികസനം: അടിമാലി-മൂന്നാര്‍ റോഡ് നിര്‍മാണം അശാസ്ത്രീയമെന്ന് പരാതി; നിരവധി കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീതിയില്‍
കൊച്ചി-ധനുഷ്‌കോടി ദേശീയപാതാ വികസനം: അടിമാലി-മൂന്നാര്‍ റോഡ് നിര്‍മാണം അശാസ്ത്രീയമെന്ന് പരാതി; നിരവധി കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീതിയില്‍
ഇടുക്കി: : കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85ന്റെ വികസനത്തിന്റെ ഭാഗമായി അടിമാലി മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗങ്ങളില്‍ നടത്തുന്ന അശാസ്ത്രീയമായ റോഡ് നിര്‍മാണം വന്‍ ദുരന്തത്തിന് വഴിവെക്കുന്നതായി പരാതി. വഴിയോരങ്ങളിലെ കൂറ്റന്‍ മണ്‍തിട്ടകള്‍ക്ക് മുകളിലും സമീപത്തുമായി താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് ഇതോടെ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നത്. ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ചിട്ടും ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മാണത്തില്‍ വന്‍ അപാകതകളാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷിതമായ പാറയുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷണം ഉറപ്പാക്കുമ്പോള്‍ മണ്‍തിട്ടകളുള്ള മേഖലകളില്‍ തികച്ചും അശാസ്ത്രീയമായ രീതിയിലാണ് നിര്‍മാണം നടത്തുന്നത്. നിലവില്‍ ചിലയിടങ്ങളില്‍ മണ്‍തിട്ടകള്‍ വിണ്ടുകീറിയ നിലയിലാണ്. മണ്‍തിട്ടയുടെ മുകളില്‍ നില്‍ക്കുന്ന വന്‍മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യതയും ഏറെയാണ്. മഴ ശക്തമാകുന്നതോടെ എപ്പോള്‍ വേണമെങ്കിലും മണ്‍തിട്ടകള്‍ ഇടിഞ്ഞുവീഴാമെന്ന അവസ്ഥയായതിനാല്‍ പല കുടുംബങ്ങളും രാത്രികാലങ്ങളില്‍ ഭയപ്പാടോടെയാണ് കഴിയുന്നത്. 2025ല്‍ അടിമാലി ലക്ഷംവീട് ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. കഴിഞ്ഞദിവസവും മഴയെ തുടര്‍ന്ന് ഇവിടെ ചെറിയതോതില്‍ മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് പതിക്കുകയും നേരിയതോതില്‍ ഗതാഗത തടസമുണ്ടാകുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?