പീരുമേട്ടില്‍ തെരുവ് നായകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു
പീരുമേട്ടില്‍ തെരുവ് നായകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു
ഇടുക്കി: പീരുമേട് പഞ്ചായത്തില്‍ തെരുവ് നായക്കള്‍ക്ക് പേവിഷപ്രതിരോധ കുത്തിവയ്പ്പ് നല്‍കിത്തുടങ്ങി. കഴിഞ്ഞദിവസം പീരുമേട്ടില്‍ 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അടിയന്തര നടപടി സ്വീകരിച്ചത്. ഒരു നായയ്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റുള്ളവയിലേക്ക് പടരാതിരിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. പഞ്ചായത്തിലെ മുഴുവന്‍ തെരുവ് നായക്കള്‍ക്കും പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ്പ് നല്‍കാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വളര്‍ത്തുനായക്കള്‍ക്കും കുത്തിവയ്പ്പ് നല്‍കും. കോട്ടയത്തുനിന്നും എത്തിയ ആറംഗ നായപിടുത്ത വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയാണ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നത്. സംഘം പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സന്ദര്‍ശനം നടത്തി. ആദ്യഘട്ടത്തില്‍ എണ്‍പതിലേറെ നായക്കള്‍ക്ക് കുത്തിവയ്പ്പ് നല്‍കി. വരും ദിവസങ്ങളിലും ഈ പ്രവര്‍ത്തനം തുടരുമെന്നും മുഴുവന്‍ തെരുവ് നായക്കള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയെന്ന് ഉറപ്പുവരുത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് പറഞ്ഞു. പീരുമേട് മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. വിജി, ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി സിയാദ് ടി ഇ, പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് തുടങ്ങിയവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?
