പേഴുംകണ്ടം തേക്ക് പ്ലാന്റേഷന്‍ പ്രവേശനം നിരോധിച്ച് വനം വകുപ്പ്: നാട്ടുകാര്‍ പ്രതിഷേധത്തില്‍
പേഴുംകണ്ടം തേക്ക് പ്ലാന്റേഷന്‍ പ്രവേശനം നിരോധിച്ച് വനം വകുപ്പ്: നാട്ടുകാര്‍ പ്രതിഷേധത്തില്‍

ഇടുക്കി : കാഞ്ചിയാര്‍ പേഴുംകണ്ടത്തെ തേക്ക് പ്ലാന്റേഷനിലേക്ക് വേലി കെട്ടി പ്രവേശനം നിരോധിച്ചതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. വിനോദസഞ്ചാര മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വനം വകുപ്പിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനം. വനമേഖല കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അയ്യപ്പന്‍കോവില്‍ ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തില്‍ കാഞ്ചിയാര്‍ പേഴുംകണ്ടത്ത് തേക്ക് പ്ലാന്റേഷനിലേക്കും അഞ്ചുരുളി മുനമ്പിലേക്കും പ്രവേശനം തടഞ്ഞ് ഇരുമ്പുവേലി സ്ഥാപിച്ചത്. വാഹനങ്ങള്‍ക്ക് മാത്രമാണ് നിരോധനം എന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. എന്നാല്‍ വേലി നിര്‍മാണം പൂര്‍ത്തിയാക്കി ആളുകള്‍ക്ക് കയറാനാകാത്ത വിധം ഗേറ്റ് പൂട്ടിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിനുപിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് പൊതുപ്രവര്‍ത്തകരുടെ ആരോപണം.
ജനപ്രതിനിധികളോടോ പഞ്ചായത്തിനോടോ ആലോചിക്കാതെയാണ് വേലി കെട്ടിയടച്ചതെന്ന് കാഞ്ചിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മാത്യു ജോര്‍ജ് ആരോപിച്ചു. ടൂറിസം മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇല്ലാത്ത റിപ്പോര്‍ട്ടിന്റെ പേരിലാണ് തേക്ക് പ്ലാന്റേഷനില്‍ വേലി സ്ഥാപിച്ചതെന്നും ആക്ഷേപമുണ്ട്. തേക്ക് പ്ലാന്റേഷന്‍ വഴി മാത്രമേ അഞ്ചുരുളി മുനമ്പിലേക്ക് പോകാനാകൂ. ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇവിടേയ്ക്ക് നിരവധി സഞ്ചാരികള്‍ എത്തുന്നുണ്ട്. എന്നാല്‍ റിസര്‍വ് വനമായതിനാല്‍ പ്രവേശനത്തിന് ഔദ്യോഗിക അനുമതിയില്ല. തേക്ക് പ്ലാന്റേഷനുള്ളിലേക്ക് വാഹനങ്ങള്‍ കയറ്റി ലഹരി വസ്തുക്കളുടെ ഉപയോഗവും മദ്യപാനവും സ്ഥിരമായി നടക്കുന്നുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് വേലി സ്ഥാപിച്ചതെന്നും ഇവര്‍ പറയുന്നു.
What's Your Reaction?






