തെരുവ് നായ ശല്യം: കുമളി പഞ്ചായത്ത് നടപടി തുടങ്ങി
തെരുവ് നായ ശല്യം: കുമളി പഞ്ചായത്ത് നടപടി തുടങ്ങി
ഇടുക്കി: കുമളി ടൗണിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായ തെരുവ് നായകളെ പിടികൂടാന്‍ കുമളി പഞ്ചായത്ത് പ്രത്യേക ദൗത്യം ആരംഭിച്ചു. നായകളുടെ ആക്രമണഭീഷണി സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് ചേര്‍ന്ന അടിയന്തര യോഗ തീരുമാനപ്രകാരമാണ് നടപടി ശക്തമാക്കിയത്. തമിഴ്നാട്ടില്‍നിന്ന് പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ എത്തിച്ചാണ് നിലവില്‍ നായകളെ പിടികൂടുന്നത്. കുമളി ടൗണ്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, റോസാപ്പൂക്കണ്ടം, താമരക്കണ്ടം, ആനവച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 12 നായകളെ പിടികൂടിയിട്ടുണ്ടെന്നും ഇവയ്ക്ക് വാക്‌സിനേഷനും പ്രാഥമിക പരിചരണങ്ങളും നല്‍കിയശേഷം ഷെല്‍ട്ടര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് അറിയിച്ചു. വരും ദിവസങ്ങളിലും ഈ നടപടി തുടരും. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് ബെല്‍റ്റും നിയന്ത്രണ സംവിധാനങ്ങളും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും വളര്‍ത്തുനായകള്‍ നിയന്ത്രണമില്ലാതെ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവയുടെ ഉടമകള്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചു.
What's Your Reaction?