മലയോരമേഖലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബജറ്റില്‍ നിര്‍ദേശം

മലയോരമേഖലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബജറ്റില്‍ നിര്‍ദേശം

Jun 19, 2026 - 17:22
 0
മലയോരമേഖലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബജറ്റില്‍ നിര്‍ദേശം
This is the title of the web page

ഇടുക്കി: മലയോര ജനതയ്ക്ക് ചരിത്രപരമായ ആശ്വാസമേകി വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം. യുഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന 'മലയോര കര്‍ഷക ക്ഷേമം' മുന്‍നിര്‍ത്തി, ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളിലെ കരിനിയമങ്ങള്‍ക്കും ഭൂപ്രശ്‌നങ്ങള്‍ക്കും അറുതി വരുത്താനുള്ള നിര്‍ണായക നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മലയോരത്തെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ഒരു പൊതുബജറ്റിന്റെ ഭാഗമാകുന്നത്. കാലഹരണപ്പെട്ട ഭൂപതിവ് നിയമ ഭേദഗതിയും വന്യമൃഗ ശല്യത്തിനുള്ള പരിഹാരങ്ങളും ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളെ മലയോര ജനത ഒന്നടങ്കം നെഞ്ചേറ്റിക്കഴിഞ്ഞു. കുടിയേറ്റ കാലം മുതല്‍ മലയോര ജനത ഉന്നയിക്കുന്ന ഏറ്റവും വലിയ ആവശ്യത്തിനാണ് ഈ ബജറ്റിലൂടെ പരിഹാരമാകുന്നത്. പട്ടയഭൂമിയിലെ നിര്‍മാണങ്ങള്‍ ഉപാധിരഹിതമായി ക്രമവല്‍ക്കരിച്ച് നല്‍കാനുള്ള ബജറ്റ് നിര്‍ദേശം സംസ്ഥാനത്തെ ഭൂപതിവ് നിയമത്തില്‍ സമൂലമായ ഭേദഗതിക്കാണ് വഴിയൊരുക്കുന്നത്.

Slide 1
Slide 2

കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷകദ്രോഹപരമായ ഭൂപതിവ് നിയമ ഭേദഗതി റദാക്കിക്കൊണ്ടുള്ള പുതിയ നിയമനിര്‍മാണത്തിനാണ് നിലവില്‍ സാധ്യത തെളിയുന്നത്. ഇതിനൊപ്പം നഷ്ടത്തിലായ ഏകവിള തോട്ടങ്ങളുടെ പുനരുജ്ജീവനത്തിനായി ബഹുവിള കൃഷിരീതി പ്രോത്സാഹിപ്പിക്കുമെന്നും, ഫാം ടൂറിസം അടക്കമുള്ളവയ്ക്ക് അനുമതി നല്‍കുമെന്നുമുള്ള പ്രഖ്യാപനം ഇടുക്കിയുടെ കാര്‍ഷിക മേഖലയ്ക്ക് പുതിയ ഉണര്‍വേകും. ജില്ലയിലാകെ അരലക്ഷത്തോളം കുടുംബങ്ങളാണ് ഇനിയും പട്ടയത്തിനായി കാത്തിരിക്കുന്നത്. 1964-ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ വിതരണത്തിന് 2024 ജനുവരി 10-നാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഡ്വക്കറ്റ് ജനറല്‍ നേരിട്ട് ഹാജരായി നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയെ തുടര്‍ന്ന് ഫെബ്രുവരി 23-ന് കോടതി സ്റ്റേ നീക്കിയിരുന്നു. എന്നാല്‍, മാനദണ്ഡങ്ങള്‍ പാലിക്കാതെ മുന്‍ സര്‍ക്കാര്‍ ധൃതിപിടിച്ചു നടത്തിയ പട്ടയമേള വീണ്ടും കോടതി വിലക്കിലേക്ക് നയിക്കുകയായിരുന്നു.
സിഎച്ച്ആര്‍ മേഖല വനമാണെന്നും ഇവിടുത്തെ പട്ടയങ്ങള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയില്‍ 2024 ഒക്ടോബര്‍ 24-നാണ് സുപ്രീംകോടതി പട്ടയ വിതരണം വിലക്കിയത്. 2009-ല്‍ ഇവിടുത്തെ 20,300 ഹെക്ടര്‍ ഭൂമിക്ക് പട്ടയം നല്‍കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരാജയപ്പെട്ടതാണ് ഈ തിരിച്ചടിക്ക് കാരണം. എന്നാല്‍ ഈ കേസില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് വിലക്ക് നീക്കുമെന്ന പുതിയ സര്‍ക്കാരിന്റെ പ്രഖ്യാപനം കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ബജറ്റ് പ്രഖ്യാപനങ്ങളെ ഇടുക്കിയുടെ 'സാമ്പത്തിക വിപ്ലവം' എന്നാണ് കര്‍ഷക കൂട്ടായ്മകള്‍ വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങളായി തങ്ങളെ വേട്ടയാടിയിരുന്ന ഭീതികളില്‍ നിന്നും മാറി, സ്വന്തം മണ്ണില്‍ സൈ്വര്യമായി ജീവിക്കാനുള്ള സാഹചര്യം ഈ ബജറ്റിലൂടെ കൈവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് മലയോര ജനത.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow