'സുനാമി ഇറച്ചി'യുടെ വരവ് തടയാന്‍ പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കുന്നില്ല: മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍
'സുനാമി ഇറച്ചി'യുടെ വരവ് തടയാന്‍ പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കുന്നില്ല: മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍
ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ പോത്തിറച്ചി വില വര്‍ധനയുമായി ബന്ധപ്പെട്ട് വാത്തിക്കുടി, ഇരട്ടയാര്‍, കാമാക്ഷി പഞ്ചായത്ത് ഭരണസമിതികള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍. കന്നുകാലി ലഭ്യതയിലെ കുറവും വാങ്ങല്‍ വിലയിലുണ്ടായ വര്‍ധനവുമാണ് നിലവിലെ വിലവര്‍ധനയ്ക്ക് കാരണമെന്നും വ്യാപാരികള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാനത്ത് കന്നുകാലി വ്യാപാര രംഗം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജീവനുള്ള കന്നുകാലികളുടെ വിലയില്‍ വലിയ വര്‍ധനയുണ്ടായതോടൊപ്പം ഗതാഗതച്ചെലവ്, തൊഴിലാളി വേതനം, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവയും വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാംസവിലയില്‍ മാറ്റം വന്നത്. പോത്തിറച്ചി വില നിര്‍ണയിക്കുന്നതില്‍ പഞ്ചായത്തുകള്‍ക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നിയമപരമായ നിലപാട് വ്യക്തമാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. കട്ടപ്പന നഗരസഭയിലെ സ്ലോട്ടര്‍ ഹൗസും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ആധുനിക സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം, കന്നുകാലി ലഭ്യത ഉറപ്പാക്കുന്നതിനും വ്യാപാര മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ചില പ്രദേശങ്ങളില്‍ സുനാമി ഇറച്ചി എന്ന പേരില്‍ ഗുണനിലവാരമില്ലാത്തതും ഉറവിടം വ്യക്തമല്ലാത്തതുമായ മാംസം കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിക്കുന്ന പ്രവണത വര്‍ധിക്കുന്നതായി അസോസിയേഷന്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ എം സലിം, സംസ്ഥാന ജനറല്‍ സെക്രട്ടറി യൂനസ് ഇബ്രാഹിം, റോയി മാത്യു, റോബിന്‍ കെ എം, മോബിന്‍ കുര്യന്‍, ബോണി ഫിലിപ്പ്, ടിബിന്‍ ഫ്രാന്‍സിസ്, ആനന്ദ് സാബു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?