സൂര്യനെല്ലി കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ രക്ഷിന്‍ ആശുപത്രിവിട്ടു   

സൂര്യനെല്ലി കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ രക്ഷിന്‍ ആശുപത്രിവിട്ടു   

Jun 25, 2026 - 16:32
 0
സൂര്യനെല്ലി കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ രക്ഷിന്‍ ആശുപത്രിവിട്ടു   
This is the title of the web page

ഇടുക്കി: സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ രക്ഷിന്‍ ചികിത്സയ്ക്കുശേഷം നാട്ടില്‍ തിരികെയെത്തി. കാത്തിരിയ്ക്കാന്‍ അമ്മയുടെ കരുതല്‍ ഇല്ലെന്ന തിരിച്ചറിവിലേയ്ക്കാണ് ആ പതിനൊന്നുകാരന്‍ മടങ്ങി വരുന്നത്. ഇനി രക്ഷിന് കൂട്ടായ് ഉള്ളത് സഹോദരി മാത്രം. രണ്ടാഴ്ച നീണ്ട ആശുപത്രിവാസത്തിനൊടുവില്‍ ലോക്കാടിലെ ബന്ധുവീട്ടിലേക്ക് രക്ഷിന്‍ മടങ്ങിയെത്തുമ്പോള്‍ കാത്തിരുന്നത് ശൂന്യത മാത്രമായിരുന്നു. അപകട നില തരണം ചെയ്തതിനുശേഷമാണ് അമ്മ മാരിയുടെ മരണവിവരം ഡോക്ടര്‍മാര്‍ അവനെ അറിയിച്ചത്. കഴിഞ്ഞ ജൂണ്‍ 8നാണ് ഇവരുടെ ജീവിതം ഇരുളടഞ്ഞുപോയ ആ ദുരന്തം സംഭവിച്ചത്. ഒരു വര്‍ഷം മുമ്പ് രോഗബാധിതനായി പിതാവ് രാജ മരിച്ചതോടെ അമ്മ മാരിയായിരുന്നു ഇവരുടെ ഏക ലോകം. വീടിനടുത്തേക്ക് വാഹനസൗകര്യം ഇല്ലാത്തതിനാല്‍ ചിന്നക്കനാല്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന മക്കളെ സ്‌കൂള്‍ ബസ് കയറ്റിവിടാന്‍ രണ്ടു കിലോമീറ്റര്‍ നടന്ന് സൂര്യനെല്ലി-ബോഡിമെട്ട് റോഡിലേക്ക് വരികയായിരുന്നു അമ്മയുടെ പതിവ്. അന്നും പതിവുപോലെ പത്താം ക്ലാസുകാരി രക്ഷിണയെയും ഏഴാം ക്ലാസുകാരന്‍ രക്ഷിനെയും കൂട്ടി മാരി നടന്നു. മേഖലയില്‍ കാട്ടാനയുണ്ടെന്ന വിവരമറിഞ്ഞ് മക്കള്‍ക്ക് കാവലായാണ് അമ്മ കൂടെയിറങ്ങിയത്. പക്ഷേ വഴിമധ്യേ അപ്രതീക്ഷിതമായി പാഞ്ഞടുത്ത കാട്ടാന മാരിയെയും രക്ഷിനെയും ആക്രമിക്കുകയായിരുന്നു. ആനയുടെ അടിയും ചവിട്ടുമേറ്റ് ചോരയില്‍ കുളിച്ചു കിടന്ന അമ്മയെയും അനിയനെയും തൊട്ടുപിന്നില്‍ നടന്നു വരികയായിരുന്ന രക്ഷിണയ്ക്ക് നിസഹായതയോടെ നോക്കിനില്‍ക്കേണ്ടി വന്നു. ആ പതിനഞ്ചുകാരിയുടെ ഉള്ളിലിപ്പോഴും ആ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ മാഞ്ഞിട്ടില്ല. ആശുപത്രിയിലെത്തിച്ചെങ്കിലും മാരിയെ ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാനായില്ല. ഇവരുടെ സംരക്ഷണച്ചുമതല വനംവകുപ്പ് ബന്ധുവും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ എം രമേശിനാണ്. കുട്ടികളുടെ അക്കൗണ്ടിലേക്ക് 2.5 ലക്ഷം രൂപ വീതം വനംവകുപ്പ് നിക്ഷേപിച്ചു കഴിഞ്ഞു. ചെലവുകള്‍ക്കായി പ്രതിമാസം 5000 രൂപ വനംവകുപ്പ് നല്‍കും. പ്രായപൂര്‍ത്തിയാകുമ്പോള്‍ വനംവകുപ്പിന്റെ 5 ലക്ഷവും ജില്ലാ ഭരണകൂടത്തിന്റെ 4 ലക്ഷവും ഉള്‍പ്പെടെ 9 ലക്ഷം രൂപ കൂടി ഇവര്‍ക്ക് ലഭിക്കും. ലക്ഷങ്ങളുടെ ധനസഹായത്തിനൊ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്കൊ ഈ മക്കള്‍ക്ക് നഷ്ടപ്പെട്ട മാതൃസ്‌നേഹത്തിന് പകരം വെക്കാന്‍ ആകില്ല. കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ മനുഷ്യന്റെ ജീവനെടുക്കുമ്പോള്‍ ഇങ്ങനെയുള്ള ചില കുരുന്നുകളുടെ ജീവിതമാണ് ഇല്ലാതാകുന്നത്. കണ്ണീരോടെ, ഇനി അങ്ങോട്ട് പരസ്പരം താങ്ങായി ജീവിക്കാന്‍ തയാറെടുക്കുകയാണ് രക്ഷിനും രക്ഷിണയും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow