ഇടുക്കി: ദേശീയപാത വികസനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വീട് നഷ്ടപ്പെട്ട അടിമാലി ലക്ഷംവീട് നിവാസികള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേയ്ക്ക്. വാടക കുടിശിക മുടങ്ങുകയും പുനരധിവാസവുമായി ബന്ധപ്പെട്ട നടപടികളെങ്ങുമെത്താതെ വന്നതോടെയാണ് വീണ്ടും സമരവുമായി രംഗത്തിറങ്ങിയത്. മുടങ്ങിയ വാടകയും പുനഃരധിവാസം ഉറപ്പുവരുത്തുകയും ചെയ്യാതെ സമരത്തില്‍നിന്നും പിന്‍മാറില്ലെന്നാണ് കുടുംബങ്ങള്‍ പറയുന്നത്. മുടങ്ങിയ വാടക ലഭ്യമാക്കുക, വീടും സ്ഥലവും ലഭ്യമാക്കുന്നതില്‍ ഉറപ്പുവരുത്തുക, 27 കുടുംബങ്ങളെ പുനഃരധിവസിപ്പിക്കാമെന്ന് പറഞ്ഞത് 9 പേരിലേക്ക് ചുരുങ്ങിയതിന്റെ കാരണം വ്യക്തമാക്കുക തുടങ്ങി 9ലേറെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്. വീട് നല്‍കാമെന്ന് പറഞ്ഞ് ഞങ്ങളെ പറ്റിക്കുകയാണെന്നും വീടും സ്ഥലവും നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 8 മാസങ്ങള്‍ക്ക് മുമ്പായിരുന്നു ദേശിയപാത 85ന്റെ നിര്‍മാണ ജോലികളില്‍ നടന്നു വന്നിരുന്ന അടിമാലി ലക്ഷംവീട് ഭാഗത്ത് മണ്ണിടിച്ചിലുണ്ടായത്. പാതയോരത്തുനിന്ന് മണ്ണിടിഞ്ഞെത്തിയതോടെ റോഡിന് താഴ് ഭാഗത്ത് ലക്ഷം വീട് ഭാഗത്തുണ്ടായിരുന്ന കുടുംബങ്ങളുടെ കിടപ്പാടം ഇല്ലാതായി. പ്രദേശവാസിയായ ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഇവരെ പുനരുദ്ധിക്കുന്ന കാര്യത്തില്‍ നടപടിയില്ലാതെ വന്നതാണ് സമരവുമായി രംഗത്തിറങ്ങിയത്. വീടിന്റെ വാടക കുടിയായതോടെ റോഡ് നിര്‍മാണ കമ്പനിയുടെ മുമ്പില്‍ കുടുംബങ്ങള്‍ സമരം ആരംഭിച്ചിരുന്നു. മുടങ്ങിയ വാടക കുടുംബങ്ങള്‍ക്ക് നല്‍കിയതോടെ സമരം അവസാനിപ്പിച്ച് വാടക വീടുകളിലേക്ക് മടങ്ങി. വീണ്ടും വാടകയില്‍ കുടിശിക വന്നതോടെയാണ് വീടും സ്ഥലവും ഉറപ്പാക്കുക എന്ന ആവശ്യവുമായി ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ രംഗത്തുവന്നിരിക്കുന്നു. പുനഃരധിവാസത്തില്‍ തീരുമാനമാകാതെ സമരത്തില്‍നിന്നും പിന്‍മാറില്ലെന്നാണ് കുടുംബങ്ങള്‍ പറയുന്നത്.