മഴക്കാലത്തും കുടിവെള്ളമില്ലാതെ പൂപ്പാറ സീറോ ലാന്‍ഡ് ഉന്നതി
മഴക്കാലത്തും കുടിവെള്ളമില്ലാതെ പൂപ്പാറ സീറോ ലാന്‍ഡ് ഉന്നതി
ഇടുക്കി: മഴക്കാലം ആരംഭിച്ചിട്ടും കുടിവെള്ള ക്ഷാമത്താല്‍ ബുദ്ധിമുട്ടുകയാണ് പൂപ്പാറ സിറോലാന്‍ഡ് ഉന്നതി നിവാസികള്‍. 45ലേറെ കുടുംബങ്ങളാണ് കഴിഞ്ഞ മൂന്നുമാസമായി കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. മതികെട്ടാന്‍ ചോലയില്‍നിന്ന് വെള്ളമെത്തിക്കുന്ന ശാന്തന്‍പാറ പഞ്ചായത്തിന്റെ വലിയൊരു കുടിവെള്ള പദ്ധതി നിലവിലിരിക്കെയാണ് ഈ 45 കുടുംബങ്ങള്‍ ദാഹിച്ചുവലയുന്നത്. താഴെയുള്ള ടാങ്കുകളില്‍ സമൃദ്ധമായി വെള്ളമെത്തുന്നുണ്ട്. എന്നാല്‍, തങ്ങളുടെ ഉന്നതിയിലേക്ക് വെള്ളം തുറന്നുവിടാന്‍ വാല്‍വ് ഓപ്പറേറ്റര്‍മാരോ അധികൃതരോ തയാറാകുന്നില്ലെന്നാണ് ജനങ്ങളുടെ പ്രധാന പരാതി. ഫോണ്‍ വിളിച്ചാല്‍ ജനപ്രതിനിധികള്‍ എടുക്കില്ല, ജീവനക്കാര്‍ക്ക് അനാസ്ഥ. അഞ്ചും പത്തും അംഗങ്ങളുള്ള കുടുംബങ്ങള്‍ വെള്ളമില്ലാതെ എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന് മുമ്പില്‍ അധികാരികള്‍ക്ക് മൗനം മാത്രമാണ് മറുപടി. ഇവിടുത്തെ ദുരിതത്തിന്റെ ആഴം കൂട്ടുന്നത് സഞ്ചാരയോഗ്യമായ ഒരുറോഡ് പോലുമില്ലെന്നതാണ്. കടുത്ത വേനലിലും ദാഹത്തിലും സ്വന്തം ചെലവില്‍ വണ്ടിക്കൂലി നല്‍കി വാഹനങ്ങളില്‍ വെള്ളമെത്തിക്കാന്‍ വിചാരിച്ചാല്‍ പോലും തകര്‍ന്നുകിടക്കുന്ന പാറക്കൂട്ടങ്ങള്‍ നിറഞ്ഞ വഴിയിലൂടെ വണ്ടികള്‍ക്ക് കടന്നുവരാന്‍ കഴിയില്ല. റോഡ് നന്നാക്കി തരാമെന്ന വാഗ്ദാനവും അധികൃതര്‍ ജലരേഖയാക്കി മാറ്റി. പ്രശ്‌നവുമായി പഞ്ചായത്ത് അധികൃതരെ സമീപിച്ചപ്പോള്‍ രാഷ്ട്രീയമായ പഴിചാരലിലൂടെ തങ്ങളെ ഒതുക്കാനാണ് ഭരണാധികാരികള്‍ ശ്രമിച്ചതെന്ന് ഉന്നതി നിവാസികള്‍ ആരോപിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങളെ ഈ ഗ്രൗണ്ടില്‍ കൂട്ടി നിര്‍ത്തി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കിയതാണ്. വോട്ട് പെട്ടിയിലായതോടെ ആരും ഈ വഴിക്ക് വരുന്നില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നുമില്ല. ഇപ്പോള്‍ ഞങ്ങള്‍ ചെന്ന് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത്, നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആണ് ജയിച്ചത്, അതുകൊണ്ട് അവരുടെ അടുത്ത് പോയി വെള്ളം ചോദിക്ക് എന്നാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന ഇത്തരത്തിലുള്ള ക്രൂരമായ നിലപാട് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല എന്ന് ഉന്നതി നിവാസി പളനിവേല്‍ പറയുന്നു. വരും ദിവസങ്ങളില്‍ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കില്‍ സ്‌കൂള്‍ കുട്ടികളെയും പ്രായമായവരെയും അണിനിരത്തി 45 കുടുംബങ്ങളും ഒന്നടങ്കം ശാന്തന്‍പാറ പഞ്ചായത്ത് ഓഫീസിന് മുമ്പിലേക്ക് മാര്‍ച്ച് നടത്താനും അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ജനങ്ങളുടെ തീരുമാനം. അടിയന്തരമായി കലക്ടറും തദ്ദേശ സ്വയംഭരണ വകുപ്പും ഇടപെടണമെന്നാണ് ആവശ്യം. വോട്ട് ചോദിച്ചെത്താന്‍ കാണിച്ച ആവേശം ജനങ്ങളുടെ ദാഹമകറ്റാന്‍ ജനപ്രതിനിധികള്‍ കാണിക്കുന്നില്ല എന്നതിന്റെ നേര്‍ച്ചിത്രമാണ് സിറോലാന്‍ഡ് ഉന്നതി . കുടിവെള്ളം രാഷ്ട്രീയ കളിക്കുള്ള ആയുധമല്ലെന്നും, ജീവിക്കാനുള്ള അവകാശമാണെന്നും അധികാരികള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇല്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഈ മലയോര ഗ്രാമം സാക്ഷ്യം വഹിക്കേണ്ടി വരും.
What's Your Reaction?