ചിന്നക്കനാലിലെ കാട്ടാനശല്യം: പുതിയ ആര്‍ആര്‍ടിയെ നിയമിച്ച് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍

ചിന്നക്കനാലിലെ കാട്ടാനശല്യം: പുതിയ ആര്‍ആര്‍ടിയെ നിയമിച്ച് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍

Jun 26, 2026 - 17:02
 0
ചിന്നക്കനാലിലെ കാട്ടാനശല്യം: പുതിയ ആര്‍ആര്‍ടിയെ നിയമിച്ച് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍
This is the title of the web page

ഇടുക്കി: ചിന്നക്കനാലിലെ ജനങ്ങളുടെ കാട്ടാനപ്പേടിക്ക് താല്‍ക്കാലിക തടയിടാന്‍ അടിയന്തര നടപടികളുമായി വനംവകുപ്പ്. മേഖലയില്‍ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പ്രത്യേക ആര്‍ആര്‍ടിയെ ഉടനടി വിന്യസിക്കുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. എന്നാല്‍, ചിന്നക്കനാലിലെ കാട്ടാന പ്രതിസന്ധി അത്രമേല്‍ സങ്കീര്‍ണമാണെന്നും പെട്ടെന്നൊരു ശാശ്വത പരിഹാരത്തിനുള്ള 'റെസിപ്പി'യുമായല്ല താന്‍ വന്നിരിക്കുന്നതെന്നും മന്ത്രി തുറന്നുപറഞ്ഞു. കഴിഞ്ഞ ജൂണ്‍ എട്ടിന് കാട്ടാന ആക്രമണത്തില്‍ മാരി എന്ന സ്ത്രീ ദാരുണമായി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, പ്രദേശം നേരിട്ട് സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം. ജനങ്ങളുടെ സുരക്ഷയ്ക്കാണ് നിലവില്‍ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ മന്ത്രി, അടിയന്തര നടപടിയെന്ന നിലയിലാണ് അഡീഷണല്‍ ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ചിന്നക്കനാലിലെ പ്രതിസന്ധിക്ക് പിന്നില്‍ പതിറ്റാണ്ടുകളായുള്ള ചില ഭൂമിശാസ്ത്രപരമായ മാറ്റങ്ങളുണ്ടെന്ന് വനംവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ആനകളുടെ പരമ്പരാഗത സഞ്ചാരപാതകള്‍ പലയിടത്തും പൂര്‍ണമായി അടഞ്ഞുപോയി. ട്രൈബല്‍  റീസെറ്റില്‍മെന്റുകളും റവന്യൂ ഭൂമിയില്‍ ഉയര്‍ന്നുവന്ന വന്‍കിട സ്ഥാപനങ്ങളും ആനകളുടെ വഴി തടസപ്പെടുത്തി. നിലവില്‍ പതിനെട്ടോളം കാട്ടാനകളാണ് ഈ ജനവാസ മേഖലയ്ക്ക് ചുറ്റുമുള്ളതെന്നാണ് കണക്കാക്കുന്നത്. വഴി അടഞ്ഞതോടെയാണ് ഇവ ജനങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായത്. നാട്ടുകാരെയും ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കേട്ട ശേഷമേ ഇതില്‍ ശാസ്ത്രീയമായ ഒരു തീരുമാനത്തിലേയ്ക്ക് എത്താന്‍ കഴിയൂ. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും വിദഗ്ധ സമിതിയുടെ ശുപാര്‍ശകളും സര്‍ക്കാരിന്റെ മുമ്പിലുണ്ട്. ഇവയെല്ലാം പഠിച്ചശേഷം പ്രായോഗികമായ വശങ്ങള്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ശാശ്വത പരിഹാരം എല്ലാവരുമായി ചര്‍ച്ച ചെയ്ത് കണ്ടെത്തുമെങ്കിലും നിലവിലെ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ജനങ്ങള്‍ക്ക് അടിയന്തര സുരക്ഷ ഉറപ്പാക്കാനാണ് ആര്‍ആര്‍ടിയെ നിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജനവാസ മേഖലയെ പൂര്‍ണമായി വേലികെട്ടി തിരിക്കുക എന്നത് പ്രായോഗികമാണോയെന്നും അത് ശാശ്വത പരിഹാരമാകുമോയെന്നും വനം വകുപ്പ് ഗൗരവമായി പഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താകും മുന്നോട്ടുള്ള നീക്കമെന്നും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow