ഇഎസ്എ വിജ്ഞാപനത്തില്‍ എംപിമാര്‍ വീഴ്ച വരുത്തി: സിപിഐഎം
ഇഎസ്എ വിജ്ഞാപനത്തില്‍ എംപിമാര്‍ വീഴ്ച വരുത്തി: സിപിഐഎം
ഇടുക്കി: ഇഎസ്എ വിജ്ഞാപനത്തിന്റെ കാര്യത്തില്‍ എംപിമാര്‍ വീഴ്ച വരുത്തിയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡ് ചെയര്‍മാനും ജില്ലാ കമ്മിറ്റി കത്തുകളയച്ചെന്നും ഇടപെടല്‍ വൈകിയാല്‍ സംസ്ഥാന തല സമരത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍നിന്ന് കൃഷി- തോട്ടം-ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നത് സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശകളിന്‍മേല്‍ കേന്ദ്രത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഗുരുതരമായ വീഴ്ച വരുത്തി. ജില്ലയില്‍ 47 വില്ലേജുകളിലായി 2651.12 ചതുരശ്ര കിലോമീറ്ററായിരുന്നു കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പശ്ചിമഘട്ട മേഖലയില്‍ അധിവസിക്കുന്ന മനുഷ്യരെ ചേര്‍ത്തുപിടിക്കുന്നതിനും സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നതിനും കക്ഷി- രാഷ്ട്രീയ ഭേദമെന്യേ ജാഗ്രതയോടെയുള്ള സമീപനമാണ് ഉണ്ടാകേണ്ടതെന്നും സി വി വര്‍ഗീസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ റോമിയോ സെബാസ്റ്റ്യന്‍, മുഹമ്മദ് ഫൈസല്‍, വി ആര്‍ സജി, മാത്യു ജോര്‍ജ് എന്നിവരും പങ്കെടുത്തു.
What's Your Reaction?