കുടിവെള്ളമില്ല: പൂപ്പാറ സീറോ ലാന്‍ഡ് ഉന്നതി നിവാസികള്‍ ശാന്തന്‍പാറ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
കുടിവെള്ളമില്ല: പൂപ്പാറ സീറോ ലാന്‍ഡ് ഉന്നതി നിവാസികള്‍ ശാന്തന്‍പാറ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
ഇടുക്കി: കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൂപ്പാറ സീറോ ലാന്‍ഡ് ഉന്നതി നിവാസികള്‍ ശാന്തന്‍പാറ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന സമരക്കാരെ പൊലീസ് കവാടത്തില്‍ തടഞ്ഞതോടെ അന്തരീക്ഷം തര്‍ക്കത്തിലേക്ക് മാറി . തങ്ങള്‍ക്ക് രാഷ്ട്രീയം വേണ്ട, കുടിക്കാന്‍ ഒരുതുള്ളി വെള്ളം മാത്രം മതിയെന്ന മുദ്രാവാക്യങ്ങളുയര്‍ത്തി ജനങ്ങള്‍ ഓഫീസ് പടിക്കല്‍ നിലയുറപ്പിച്ചു. പൊലീസുമായുണ്ടായ ശക്തമായ വാക്കേറ്റത്തിനും ഒരുമണിക്കൂര്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കുമൊടുവിലാണ് പഞ്ചായത്ത് അധികൃതര്‍ സമരക്കാരുമായി അടിയന്തര ചര്‍ച്ചയ്ക്ക് തയാറായത്. ജീവനക്കാരുടെ അനാസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണുമെന്ന ഉറപ്പില്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. മതികെട്ടാന്‍ ചോല കുടിവെള്ള പദ്ധതിയില്‍ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും ഉന്നതിയില്‍ വെള്ളമെത്താത്തതിന് പിന്നില്‍ ഓപ്പറേറ്റര്‍മാരുടെ വാശിയാണെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. നിലവില്‍ ഗുണഭോക്തൃ കമ്മിറ്റിയാണ് വെള്ളത്തിന്റെ വിതരണം കൈകാര്യം ചെയ്യുന്നത്. വെള്ളം തുറന്നുവിടാന്‍ ബാബു, മുരുകന്‍ എന്നിങ്ങനെ രണ്ടുപേരെയാണ് കമ്മിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ തമ്മിലുള്ള ചില പ്രശ്‌നങ്ങളാണ് വെള്ളം തുറന്നുവിടാതിരിക്കാന്‍ കാരണമെന്നാണ് സമരക്കാരുമായി സംസാരിച്ചപ്പോള്‍ മനസിലായത്. അതുകൊണ്ട് തന്നെ ഗുണഭോക്തൃ സബ് കമ്മിറ്റി ജൂലൈ 1ന് വൈകിട്ട് 4 ന് കൂടാനും, ഓപ്പറേറ്റര്‍ മാരായ മുരുകനോടും ബാബുവിനോടും നേരിട്ട് സംസാരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്ക് അത് വഴങ്ങുന്നില്ലെങ്കില്‍ അവരെ മാറ്റി പുതിയ ആളുകളെ നിശ്ചയിക്കും. നിലവില്‍ മെയിന്‍ ടാങ്കില്‍ വെള്ളം നിറഞ്ഞുകവിയുന്നുണ്ട്. താല്‍ക്കാലികമായി മറ്റൊരാളെ ഏര്‍പ്പാടാക്കി സബ് ടാങ്കിലേക്ക് വെള്ളം തുറന്നുവിടാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് പറഞ്ഞു. 1ന് നടക്കുന്ന യോഗത്തില്‍ ശാശ്വതമായ പരിഹാരമുണ്ടായില്ലെങ്കില്‍, കുട്ടികളെ അടക്കം മുന്‍നിര്‍ത്തി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന ശക്തമായ മുന്നറിയിപ്പോടെയാണ് ഉന്നതി് നിവാസികള്‍ താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചത്.
What's Your Reaction?