പിഎംഎവൈ ഗുണഭോക്തൃ പട്ടിക പുതുക്കല്‍: വാഴത്തോപ്പ് പഞ്ചായത്തില്‍ ഗ്രാമസഭ ചേര്‍ന്നു
പിഎംഎവൈ ഗുണഭോക്തൃ പട്ടിക പുതുക്കല്‍: വാഴത്തോപ്പ് പഞ്ചായത്തില്‍ ഗ്രാമസഭ ചേര്‍ന്നു
ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തിലെ ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേക ഗ്രാമസഭ ചേര്‍ന്നു. പ്രധാന്‍ മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പുതുക്കുന്നതിനായി ചേര്‍ന്ന ഗ്രാമസഭ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷയായി. അര്‍ഹരായ ഒരു ഗുണഭോക്താവുപോലും പദ്ധതിയില്‍നിന്ന് പുറത്തുപോകാത്ത രീതിയില്‍ വളരെ കൃത്യതയോടും സുതാര്യതയോടും കൂടി പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുമെന്ന് അവര്‍ വ്യക്തമാക്കി. പഞ്ചായത്തിലെ ഭവനരഹിതരായ മുഴുവന്‍ ആളുകള്‍ക്കും അര്‍ഹമായ ആനുകൂല്യം എത്തിക്കുകയാണ് ഭരണസമിതിയുടെ ലക്ഷ്യം. പിഎംഎവൈ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായുള്ള ചര്‍ച്ചകളും യോഗത്തില്‍ നടന്നു. പഞ്ചായത്തിലെ വികസന-ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ലാകുന്ന ഈ ഗ്രാമസഭയിലൂടെ 392 കുടുംബങ്ങള്‍ക്ക് സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് വഴിതുറക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്നുള്ള ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുറമെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും നൂറുകണക്കിന് പൊതുജനങ്ങളും ഗ്രാമസഭയില്‍ പങ്കെടുത്തു.
What's Your Reaction?