കാഞ്ചിയാര്‍ പഞ്ചായത്തിലെ പൊതുശൗചാലയം ഉദ്യോഗസ്ഥര്‍ക്കായി മാറ്റിയെന്നാരോപണവുമായി പ്രതിപക്ഷം
കാഞ്ചിയാര്‍ പഞ്ചായത്തിലെ പൊതുശൗചാലയം ഉദ്യോഗസ്ഥര്‍ക്കായി മാറ്റിയെന്നാരോപണവുമായി പ്രതിപക്ഷം

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പൊതു ശൗചാലയത്തിന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ശൗചാലയം ഉദ്യോഗസ്ഥര്‍ക്കായി മാറ്റിയതായി ആരോപണം. കാഞ്ചിയാര്‍ പഞ്ചായത്തിന് പൊതു ശൗചാലയം നിര്‍മിക്കാന്‍ 2021- 22 സാമ്പത്തിക വര്‍ഷം 107,5500 രൂപ അനുവദിച്ചിരുന്നു. ശൗചാലയ പൂര്‍ത്തീകരണത്തിന് തനത് ഫണ്ടില്‍ നിന്നും 20,000 രൂപയും അനുവദിച്ചു. പഞ്ചായത്ത് ഓഫീസില്‍ എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ക്ക് ശൗചാലത്തിന്റെ അഭാവം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് പൊതുശൗചാലയം നിര്‍മിച്ചത്. ഓഫീസില്‍ നിന്ന് ശൗചാലയത്തിലേക്ക് വാതിലും നിര്‍മിച്ചു. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാം വിധത്തില്‍ പഞ്ചായത്ത് മന്ദിരത്തിന്റെ പുറത്ത് നിന്നും വാതിലുകള്‍ ഇല്ല. പഞ്ചായത്തിനോട് ചേര്‍ന്ന് നിര്‍മാണം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മറ്റ് ഭൂമിയില്ലാത്തതിനാലാണ് ഇവിടെ നിര്‍മിക്കുന്നതെന്നായിരുന്നു ഭരണ സമിതിയംഗങ്ങളുടെ വാദം. എന്നാല്‍ പൊതുജനങ്ങള്‍ക്കിത് ഉപയോഗിക്കണമെങ്കില്‍ പഞ്ചായത്ത് ഓഫീസിന്റെ ഉള്ളിലൂടെ നടന്ന് അന്വേഷിച്ച് കണ്ടെത്തേണ്ട സ്ഥിതിയാണ്. കെട്ടിട നിര്‍മാണം ആരംഭിച്ചപ്പോള്‍ പുറത്തേക്ക് വാതിലുണ്ടായിരുന്നെങ്കിലും ഇവിടേക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത വിധമാണ് നിലവിലുള്ളത്. ശൗചാലയം തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ബ്ലോക്ക് പഞ്ചായത്തിനെ സമീപിച്ചതിനെത്തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ഉപകരിക്കും വിധം സജ്ജമാക്കാന്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തീരുമാനം എടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ തീരുമാനം അട്ടിമറിച്ചെന്നുമാണ് ആരോപണം.
What's Your Reaction?






