ഇടുക്കി മഞ്ഞപ്പാറയില്‍ ജല അതോറിറ്റിയുടെ പൈപ്പ് മുറിച്ച് വെള്ളം ചോര്‍ത്തുന്നതായി പരാതി
ഇടുക്കി മഞ്ഞപ്പാറയില്‍ ജല അതോറിറ്റിയുടെ പൈപ്പ് മുറിച്ച് വെള്ളം ചോര്‍ത്തുന്നതായി പരാതി
ഇടുക്കി: ഇടുക്കി മഞ്ഞപ്പാറയില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് മുറിച്ച് കൃഷിയിടത്തിലേക്ക് വെള്ളം ചോര്‍ത്തുന്നതായി പരാതി. ഒരാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. തടിയമ്പാട് മഞ്ഞപ്പാറ കേശമുനിയില്‍ എട്ട് വീട്ടുകാരാണ് ഈ കണക്ഷനില്‍നിന്ന് കുടിവെള്ളം എടുക്കുന്നത്. മാര്‍ എഫ്രേം മൈനര്‍ സെമിനാരിയുടെ സ്ഥലം പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്യുന്നവരാണ് ഈ ചൂഷണത്തിന് പിന്നില്‍. കൃഷിയിടത്തിലെ 50,000 ലീറ്ററോളം വെള്ളം ശേഖരിക്കാവുന്ന കൂറ്റന്‍ സംഭരണികളിലേക്കാണ് വെള്ളം ചോര്‍ത്തിയത്. ശുദ്ധജല വിതരണത്തിനായി നേരത്തെ ഉപയോഗിച്ചിരുന്ന പഴയ പിവിസി പൈപ്പ് മുറിച്ച്, മണ്ണിനടിയിലൂടെ രഹസ്യമായി മറ്റൊരു കണക്ഷനെടുത്തായിരുന്നു തട്ടിപ്പ്. ദിവസം രണ്ട് മണിക്കൂര്‍ മാത്രം ലഭിച്ചിരുന്ന കുടിവെള്ളം ഒരാഴ്ചയായി പൂര്‍ണമായും മുടങ്ങിയതോടെയാണ് നാട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത് . പത്ത് ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മറ്റൊരു വന്‍ പടുതാക്കുളവും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. കൂറ്റന്‍ പാറയുടെ മേല്‍മണ്ണില്‍ നിര്‍മിച്ച ഈ കുളത്തില്‍ ഇതുവരെ പടുത ഇട്ടിട്ടില്ല. നിലവില്‍ പെയ്യുന്ന കനത്ത മഴയില്‍ ഇവിടെ വെള്ളം കെട്ടിനിന്ന് ഭൂമിയിലേക്ക് താഴുന്നത് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൈനാവ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. അനധികൃതമായി വെള്ളം ചോര്‍ത്തിയ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പ്രദേശവാസികളോട് വ്യക്തമാക്കിയെങ്കിലും ഇപ്പോഴും അനധികൃതമായി എടുത്ത പൈപ്പ് വിച്ഛേദിച്ചിട്ടില്ല.
What's Your Reaction?