കഞ്ഞിക്കുഴി മലയണ്ണാമല മേഖലയില്‍ കാട്ടാനശല്യം രൂക്ഷം: ചക്ക പിഴുതെറിഞ്ഞ് നാട്ടുകാര്‍
കഞ്ഞിക്കുഴി മലയണ്ണാമല മേഖലയില്‍ കാട്ടാനശല്യം രൂക്ഷം: ചക്ക പിഴുതെറിഞ്ഞ് നാട്ടുകാര്‍
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായതോടെ സ്വന്തം കൃഷിയിടത്തിലെ ഫലം പോലും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.
കഴിഞ്ഞദിവസം കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാനകള്‍ ചക്കകള്‍ മുഴുവന്‍ പറിച്ചുതിന്നിരുന്നു. വീണ്ടും കാട്ടാനശല്യം ഉണ്ടാകാതിരിക്കാനായി കര്‍ഷകര്‍ ചക്കകള്‍ പറിച്ചുമാറ്റി. മൂന്നേക്കറിലധികം വരുന്ന കൃഷിയിടത്തിലെ മുഴുവന്‍ ചക്കകളും ഇത്തരത്തില്‍ നശിപ്പിക്കേണ്ടി വന്നതോടെ ബുദ്ധിമുട്ടിലാണ് കര്‍ഷകര്‍. എന്നാല്‍ ഇത്രയും ഗുരുതരമായ സാഹചര്യം നിലനില്‍ക്കുമ്പോഴും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. കാട്ടാനകള്‍ എത്തുന്ന പ്രദേശങ്ങള്‍ അനധികൃത കയേറ്റ ഭൂമിയാണെന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്നും, അതിന്റെ പേരില്‍ പ്രശ്‌നത്തിന്റെ ഗൗരവം അവഗണിക്കുകയാണെന്നും ആരോപണമുണ്ട്. അതേസമയം, സ്വന്തം ഭൂമിയില്‍ ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റാനോ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പോലും വനംവകുപ്പ് അനുമതി നല്‍കിയിരുന്നില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കൃഷി സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ പോലും നിഷേധിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ കര്‍ഷകര്‍ സ്വന്തം വിളകള്‍ തന്നെ നശിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നത്.
What's Your Reaction?