ഇന്ധന വില വര്‍ധന: ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കല്‍ അനിവാര്യമെന്ന് എച്ച്എംടിഎ 

ഇന്ധന വില വര്‍ധന: ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കല്‍ അനിവാര്യമെന്ന് എച്ച്എംടിഎ 

Jul 8, 2026 - 16:23
Jul 8, 2026 - 18:40
 0
ഇന്ധന വില വര്‍ധന: ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കല്‍ അനിവാര്യമെന്ന് എച്ച്എംടിഎ 
This is the title of the web page

ഇടുക്കി: ഇന്ധന വില വര്‍ധനവില്‍ പ്രതിസന്ധിയിലായ മോട്ടോര്‍ വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ ഓട്ടോ-ടാക്‌സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്‍. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായ വിലക്കയറ്റം മോട്ടോര്‍ തൊഴിലാളികളെയും തൊഴിലുടമകളെയും ഒരുപോലെ തളര്‍ത്തിയിരിക്കുകയാണ്. ഇന്‍ഷുറന്‍സ് പ്രീമിയം, ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയുടെ വിലവര്‍ധനവും ഈ മേഖലയ്ക്ക് കനത്ത ആഘാതമായി. ഇന്ധനവില വര്‍ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന പഴം, പച്ചക്കറി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ചരക്കുകൂലി വര്‍ധിക്കുന്നത് ഇതിന് ഉദാഹരണമാണ്. ജില്ലയിലെ നിര്‍മാണ നിരോധനവും ക്വാറികളുടെ പ്രവര്‍ത്തനാനുമതി നഷ്ടമായതും മണല്‍വാരല്‍ നിരോധനവും പ്രതിസന്ധി ഇരട്ടിയാക്കുന്നു. നിര്‍മാണ സാമഗ്രികള്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കേണ്ടി വരുന്നത് ചരക്കുലോറികളുടെ എണ്ണം വന്‍തോതില്‍ കുറയാന്‍ ഇടയാക്കി. കട്ടപ്പന പ്രദേശത്ത് നൂറിലധികം ഉണ്ടായിരുന്ന ലോറികളും ടിപ്പറുകളും ഇപ്പോള്‍ നാമമാത്രമായി ചുരുങ്ങി. ഇത് പൊതുസമൂഹത്തെയും മോട്ടോര്‍ തൊഴിലാളികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുറയ്ക്കാത്തത് കോര്‍പ്പറേറ്റ് അനുകൂല നയങ്ങളുടെ ഭാഗമാണ്. വിമാന കമ്പനികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലസ്ഥിരതാ ഫണ്ട് പോലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണം. ഇന്ധനവിലയ്ക്കും ഇന്‍ഷുറന്‍സ്, സ്‌പെയര്‍ പാര്‍ട്‌സ് വര്‍ധനവിനും ആനുപാതികമായി ഓട്ടോ, ടാക്‌സി, കോണ്‍ട്രാക്ട് കാരേജ്, പ്രൈവറ്റ് ബസ് നിരക്കുകള്‍ വര്‍ധിപ്പിച്ചാല്‍ മാത്രമേ മോട്ടോര്‍ മേഖലയ്ക്ക് നിലനില്‍പ്പുള്ളൂ. ഈ സാഹചര്യത്തില്‍ സമാന ചിന്താഗതിയുള്ള മറ്റ് തൊഴിലാളി സംഘടനകളുമായി ചേര്‍ന്ന് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാന്‍ എച്ച്എംടിഎ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബിജു മാധവന്‍, എം കെ ബാലചന്ദ്രന്‍, ലൂക്ക ജോസഫ്, എം എസ് മനോജ്, രമണന്‍ പടന്നയില്‍, സി പി ബെന്നി എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow