വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ കടുവയുടെ ആക്രമണത്തില്‍ മ്ലാവ് ചത്തു: മേഖലയില്‍ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു
വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ കടുവയുടെ ആക്രമണത്തില്‍ മ്ലാവ് ചത്തു: മേഖലയില്‍ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ കടുവയുടെ ആക്രമണത്തില്‍ മ്ലാവ് ചത്തു. കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചതിന് 300 മീറ്റര്‍ അകലെ തൊണ്ടിയാറിലാണ് വെള്ളിയാഴ്ച വൈകിട്ട് മ്ലാവിനെ ചത്തനിലയില്‍ കണ്ടെത്തിയത്. മേഖലയില്‍ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. പ്രദേശവാസികളും എസ്റ്റേറ്റ് തൊഴിലാളികളും കടുവയെ നേരിട്ട് കണ്ടിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ കടുവയുടെ ആക്രമണം ഉണ്ടായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെ തുടര്‍ന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. 4 ദിവസം കഴിഞ്ഞിട്ടും കടുവയെ പിടികൂടാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. 15-ലേറെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ഡ്രോണ്‍ ഉപയോഗിച്ച് കടുവയെ 24 മണിക്കൂറും നിരീക്ഷിക്കുന്‌നുണ്ട്. കൂട് സ്ഥാപിച്ച സ്ഥലത്തുനിന്ന് 300 മീറ്റര്‍ അകലെയുള്ള മലയിടുക്കിലെ ചതുപ്പില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഗ്രാമ്പി ഒന്‍പതുമുറി ഭാഗത്താണ് നിലവില്‍ വനംവകുപ്പ് നിരീക്ഷണം നടത്തുന്നത്. കടുവയുടെ കാലിനേറ്റ മുറിവ് വേട്ടയാടി ഭക്ഷണം കണ്ടെത്തുവാനുള്ള ആരോഗ്യനില ഇല്ലാതാക്കിയതിനാല്‍ അവശനിലയിലാണ് കടുവയെന്നും മയക്കുവെടി വയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും കോട്ടയം ഡിഎഫ്ഒ പറഞ്ഞു. തൊണ്ടിയാര്‍ എസ്റ്റേറ്റ് ലയത്തിനോട് ചേര്‍ന്നുള്ള പ്രദേശത്തും നിരീക്ഷണം ഏര്‍പ്പെടുത്തി. പെരിയാര്‍ കടുവ സങ്കേതത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ കൂടുതല്‍ വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവാകുകയാണ്.
What's Your Reaction?






