കനല്‍വഴികള്‍ താണ്ടി രക്ഷിന്‍ വീണ്ടും അക്ഷരമുറ്റത്തെത്തി 

കനല്‍വഴികള്‍ താണ്ടി രക്ഷിന്‍ വീണ്ടും അക്ഷരമുറ്റത്തെത്തി 

Jul 15, 2026 - 18:09
 0
കനല്‍വഴികള്‍ താണ്ടി രക്ഷിന്‍ വീണ്ടും അക്ഷരമുറ്റത്തെത്തി 
This is the title of the web page

ഇടുക്കി: ഭയത്തിന്റെയും സങ്കടത്തിന്റെയും കനല്‍വഴികള്‍ താണ്ടി രക്ഷിന്‍ വീണ്ടും അക്ഷരമുറ്റത്തെത്തി. കഴിഞ്ഞ ജൂണ്‍ 8-ന് ചിന്നക്കനാല്‍ സിങ്കുകണ്ടത്തുണ്ടായ കാട്ടാനയാക്രമണത്തിലാണ് രക്ഷിന്  അമ്മയെ നഷ്ടപ്പെടുന്നതും ഗുരുതരമായി പരിക്കേല്‍ക്കുന്നതും. കണ്‍മുന്നില്‍ അമ്മ പിടഞ്ഞുവീണ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും ശരീരത്തിലെ മുറിവുകളില്‍ നിന്നും പതിയെ മുക്തനായി വരുന്ന രക്ഷനെ കണ്ണീരോടെയും പ്രാര്‍ത്ഥനയോടെയുമാണ് ചിന്നക്കനാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നെഞ്ചോട് ചേര്‍ത്തത്. 17 ദിവസമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍  ഈ ഏഴാം ക്ലാസുകാരന്‍  ചികിത്സയിലിരുന്നത് . മുറിവുകള്‍ ഉണങ്ങി രണ്ടാഴ്ച മുമ്പ് ലോക്കാടിലെ ബന്ധുവീട്ടിലെത്തിയ രക്ഷന്‍, ഒടുവില്‍ ഇന്നലെ ആ സങ്കടക്കടല്‍ കടന്ന് വീണ്ടും യൂണിഫോം ധരിച്ചു, പുസ്തകസഞ്ചിയുമേന്തി വിദ്യാലയത്തിലെത്തി. ഒരു മാസത്തെ ഇടവേളയ്ക്കുശേഷം സ്‌കൂളിലെത്തിയ രക്ഷനെ കാത്ത് അധ്യാപകരും കൂട്ടുകാരും ഗേറ്റില്‍ തന്നെയുണ്ടായിരുന്നു. ആരും ഒന്നും മിണ്ടിയില്ല, പകരം ആ കുഞ്ഞിനെ അവര്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു. നേരിട്ട വലിയൊരു ദുരന്തത്തിന്റെ ആഘാതം ആ മുഖത്തുണ്ടായിരുന്നു. ആന പാഞ്ഞടുക്കുമ്പോള്‍ അമ്മയുടെയും സഹോദരന്റെയും തൊട്ടുപിന്നിലുണ്ടായിരുന്ന സഹോദരി രക്ഷിണയും ആ ഞെട്ടലില്‍നിന്ന് ഇനിയും പൂര്‍ണമായി മോചിതയായിട്ടില്ല. കാട്ടാനഭീതി ഒഴിഞ്ഞിട്ടില്ലാത്ത ചിന്നക്കനാലിലെ തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക്, ഈ ദുരന്തം സ്വന്തം വീട്ടിലെ നോവാണ്. അതുകൊണ്ടുതന്നെ രക്ഷന്റെ മടങ്ങിവരവ് ഈ വിദ്യാലയത്തിന് വെറുമൊരു അധ്യയന ദിവസമല്ല, പ്രതീക്ഷയുടെ വലിയൊരു അതിജീവനമാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow