അടിമാലി ടൗണില്‍ നാലുവരി പാത വികസനം: യോഗം ചേര്‍ന്നു
അടിമാലി ടൗണില്‍ നാലുവരി പാത വികസനം: യോഗം ചേര്‍ന്നു
ഇടുക്കി: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ടൗണില്‍ നാലുവരി പാത വികസനം ചര്‍ച്ച ചെയ്ത് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നാലുവരിപാതയിലെ ഡിവൈഡര്‍ നിര്‍മാണത്തില്‍ വ്യാപാരി- വ്യവസായികളുടെയും പൊതുജനങ്ങളുടെയും ആശങ്കകള്‍ പരിഹരിക്കുകയും ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാണ് ലക്ഷ്യം. അടിമാലി ടൗണില്‍ അമ്പലപ്പടി മുതല്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ വരെയാണ് നാലുവരിപ്പാതയാക്കുന്നത്. ടൗണ്‍ വികസനത്തിനായി 160 കോടി രൂപയും അനുവദിച്ചു. കാംകോ ജങ്ഷനില്‍ വാഹനങ്ങള്‍ തിരിഞ്ഞുപോകുന്ന ഡിവൈഡര്‍ ഓപ്പണിങ് അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
നേരത്തെ നിശ്ചയിച്ചിരുന്ന അലൈന്‍മെന്റ് പ്രകാരം അടിമാലി ടൗണില്‍ ഡിവൈഡറുകള്‍ക്കിടയില്‍ മൂന്ന് ഓപ്പണിങ്ങുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗം, ബസ് സ്റ്റാന്‍ഡില്‍നിന്ന് വാഹനങ്ങള്‍ പുറത്തേക്ക് ഇറങ്ങുന്ന ഭാഗം, സെന്‍ട്രല്‍ ജങ്ഷന്‍ എന്നിവടങ്ങളിലായിരുന്നു ഇത്. വ്യാപാരികളുടെ ആവശ്യ പ്രകാരമാണ് നാലാമത് കാംകോം ജങ്ഷനില്‍ മീഡിയന്‍ ക്രോസിങ് അനുവദിക്കാന്‍ തീരുമാനിച്ചത്. ടൗണില്‍ ആളുകള്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി ഒരു ആകാശ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നു. റീജിയണല്‍ ഓഫീസറുടെ അനുമതിയോടെ ഇത് നടപ്പിലാക്കുന്നത് പരിശോധിക്കുമെന്ന് എം പി യോഗത്തില്‍ പറഞ്ഞു. വ്യാപാരികളുടെ ആവശ്യപ്രകാരം, തടസമുണ്ടാകുമെന്ന് കരുതുന്ന ഭാഗങ്ങള്‍ മാത്രം കണ്ടെത്തി കൈവരികള്‍ ഒഴിവാക്കി നല്‍കാനും യോഗം തീരുമാനിച്ചു. റോഡ് മുറിച്ചുകടക്കാനായി ഒരിടത്ത് നടപ്പാത അനുവദിക്കും. വ്യാപാരികളുടെ കടകളിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് ഓപ്പണിങ്ങുകള്‍, പാര്‍ക്കിങ് സ്ഥലം എന്നിവ സാധ്യതകള്‍ പരിശോധിച്ച് പരിഗണിക്കും. റോഡിന്റെ ഇരുവശങ്ങളിലും മികച്ച രീതിയിലുള്ള സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും യോഗം തീരുമാനിച്ചു. അഡ്വ. എഫ് രാജ എംഎല്‍എ, നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടര്‍ പി പ്രദീപ്കുമാര്‍, അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ്, സെക്രട്ടറി നന്ദകുമാര്‍, കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി എം ബേബി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?