ദേശീയപാതയിലെ നിര്‍മാണ നിരോധനം നീക്കിയ നടപടി സ്വാഗതാര്‍ഹം: കെവിവിഇഎസ് ജില്ലാ കമ്മിറ്റി
ദേശീയപാതയിലെ നിര്‍മാണ നിരോധനം നീക്കിയ നടപടി സ്വാഗതാര്‍ഹം: കെവിവിഇഎസ് ജില്ലാ കമ്മിറ്റി
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്തെ നിര്‍മാണ നിരോധനം നീക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട നടപടി സ്വാഗതാര്‍ഹമാണെന്ന് കെവിവിഇഎസ് ജില്ലാ ഭാരവാഹികള്‍. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍കൂടി യുഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അറിയിച്ചു. ജില്ലയില്‍ അനേകം പേര്‍ക്ക് പട്ടയം ലഭിക്കാനുണ്ട്. കിട്ടിയ പട്ടയങ്ങളില്‍ നിര്‍മാണ നിരോധനം, എന്‍ഒസി, ഇഎഫ്എല്‍, ഇഎസ്എ, ദുരന്ത നിവാരണ നിയമം, ബഫര്‍ സോണ്‍ തുടങ്ങിയ നിരവധി നിയന്ത്രണങ്ങളും നിരോധനങ്ങളും നിലനില്‍ക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. മറ്റെല്ലാവിധ രേഖകളോടും കൂടി കൈവശം വച്ച് ലൈസന്‍സ് എടുത്ത് നിയമപരമായി വ്യാപാരം ചെയ്തുവരുന്ന സ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റുന്നത് വ്യാപാരികളുടെ ഉപജീവനമാര്‍ഗം മാത്രമല്ല അവിടെയുള്ള തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും അനുബന്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന മറ്റുവിഭാഗം ജനങ്ങളെയും സര്‍ക്കാരിന്റെ വരുമാനത്തെയും ബാധിക്കും. ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കുമെന്ന വാഗ്ദാനം പാലിക്കാന്‍ ജില്ലയിലെ ജനപ്രതിനിധികള്‍ സര്‍ക്കാരില്‍ ഇടപെടല്‍ നടത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍, വൈസ് പ്രസിഡന്റ് പി എം ബേബി, കാരുണ്യം ചെയര്‍മാന്‍ ഡയസ് പുല്ലന്‍, നിയോജക മണ്ഡലം പ്രസിഡന്റ് സാന്റി മാത്യു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?