കട്ടപ്പന ബിആര്‍സിയിലെ സാമ്പത്തിക ക്രമക്കേട്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഐഎന്‍ടിയുസി
കട്ടപ്പന ബിആര്‍സിയിലെ സാമ്പത്തിക ക്രമക്കേട്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഐഎന്‍ടിയുസി
കട്ടപ്പന:
കട്ടപ്പന ബിആര്‍സിയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകളില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി കട്ടപ്പന മണ്ഡലം കമ്മിറ്റി വിജിലന്‍സിന് പരാതി നല്‍കി. കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയിലെ അധ്യാപക പരിശീലനത്തിനും അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ബിആര്‍സിയില്‍ 32 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തുക പിന്നീട് തിരിച്ചടച്ചതായും രണ്ട് താല്‍ക്കാലിക ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നടപടി ഇതില്‍ അവസാനിപ്പിക്കരുതെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. നടത്താത്ത പരിപാടികളുടെ പേരില്‍ ചെലവ് രേഖപ്പെടുത്തിയതിലും പഠനോപകരണങ്ങള്‍ വാങ്ങിയ ഇടപാടുകളിലും ജീവനക്കാരുടെ ശമ്പള വിതരണത്തിലും ഉള്‍പ്പെടെ നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു ആരോപിച്ചു. നിലവില്‍ പുറത്തുവന്നത് രണ്ട് വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബിആര്‍സിയില്‍ നടന്ന മുഴുവന്‍ സാമ്പത്തിക ഇടപാടുകളും വിജിലന്‍സ് അന്വേഷിക്കണം. രണ്ട് കരാര്‍ ജീവനക്കാരെ മാത്രം സസ്‌പെന്‍ഡ് ചെയ്ത് നടപടി അവസാനിപ്പിക്കാനുള്ള നീക്കം സംശയാസ്പദമാണ്. ഇതിന് പിന്നിലെ ഉത്തരവാദികളെയും കണ്ടെത്തി നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. കഴിഞ്ഞ പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച് സര്‍ക്കാരിനുണ്ടായ നഷ്ടം ഉത്തരവാദികളില്‍നിന്ന് ഈടാക്കണമെന്നും ഐപിസി പ്രകാരം കേസ് എടുക്കണമെന്നും ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. വിഷയത്തില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കട്ടപ്പന ബിആര്‍സിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും സംഘടന അറിയിച്ചു.
What's Your Reaction?