മരുന്ന് സ്ട്രിപ്പുകള്‍ ഇന്ദിരാദേവിയുടെ അതിജീവനത്തിന്റെ കഥ പറയുമ്പോള്‍
മരുന്ന് സ്ട്രിപ്പുകള്‍ ഇന്ദിരാദേവിയുടെ അതിജീവനത്തിന്റെ കഥ പറയുമ്പോള്‍

ഇടുക്കി: ഇന്ദിരാദേവി കൂട്ടിവച്ച മരുന്ന് സ്ട്രിപ്പുകള്‍ ഓരോന്നും അതിജീവനയാത്രയിലെ ശേഷിപ്പുകളാണ്. അവയ്ക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ വീട്ടമ്മ പാര്‍ക്കിന്‍സണ്‍സ് രോഗത്തെ ധീരമായി നേരിട്ടതിന്റെ കഥകള്‍ പറഞ്ഞുതരും. കട്ടപ്പന വടക്കുവിളാകത്ത് ഇന്ദിരാദേവി(59) ചെറുപുഞ്ചിരിയോടെയാണ് രോഗവുമായുള്ള മല്ലയുദ്ധത്തെക്കുറിച്ച് പറയുന്നത്.
39-ാം വയസിലാണ് പാര്‍ക്കിന്‍സണ്‍സ് രോഗം പിടിപെട്ടത്. 20 വര്‍ഷമായി മരുന്നുമുടങ്ങാതെ കഴിച്ചുവരുന്നു. ദിവസവും ഗുളിക കഴിച്ചശേഷം സ്ട്രിപ്പ് പുറത്തുകൊണ്ടുപോയി കളയാനുള്ള ബുദ്ധിമുട്ടുള്ളതിനാലാണ് ശേഖരിച്ചുതുടങ്ങിയത്. ഇപ്പോള്‍ നാലുവര്‍ഷത്തെ സ്ട്രിപ്പുകളാണ് കൈവശമുള്ളത്. ദിവസവും നാലുനേരമാണ് ഗുളിക കഴിക്കുന്നത്.
വെല്ലുര്‍ മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളോളം ചികിത്സ നടത്തി. ഇപ്പോള്‍ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലാണ് ചികിത്സതേടിവരുന്നത്. എല്ലാവിധ ചികിത്സാരീതികളും ഒറ്റമൂലിയും വരെ പരീക്ഷിച്ചിട്ടും ശമനമുണ്ടായില്ല. ഇതോടെ കുടുംബം സാമ്പത്തികമായി തകര്‍ന്നു. പ്രതിമാസം 5000 രൂപയിലേറെ ചികിത്സയ്ക്കായി ചെലവാകും. മൂന്നുമാസത്തിലൊരിക്കല്‍ പരിശോധനയുമുണ്ട്. ഇതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി നടത്തി. ഒന്നേകാല്‍ ലക്ഷം ഇതിനായി ചെലവഴിച്ചു.ശസ്ത്രക്രിയ നടത്തിയാല്‍ രോഗത്തിന് ശമനമുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ 8 ലക്ഷത്തോളം രൂപ ഇതിന് ചെലവാകും. എന്നാല്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിന് ഇത്ര വലിയ തുക കണ്ടെത്താനാകില്ല. ഭര്‍ത്താവ് രവിയുടെ വരുമാനം കൊണ്ടാണ് ദൈനംദിന ചെലവുകള്‍ നടത്തുന്നത്. സന്മനസുകള്‍ സഹായിച്ചാല്‍ ഇന്ദിരാവേദിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനാകും. എസ്ബിഐ കട്ടപ്പന ശാഖയിലെ ഇന്ദിരാദേവിയുടെ അക്കൗണ്ട് നമ്പര്‍: 10463734917. ഐഎഫ്എസ് കോഡ്: എസ്ബിഐഎന്‍0005560.
What's Your Reaction?






