കവി കെ ആര്‍ രാമചന്ദ്രന് ആദരമായി കട്ടപ്പനയില്‍ കവിതാരാമം നടത്തി
കവി കെ ആര്‍ രാമചന്ദ്രന് ആദരമായി കട്ടപ്പനയില്‍ കവിതാരാമം നടത്തി
ഇടുക്കി: ഹൈറേഞ്ചിന്റെ സാംസ്‌കാരിക ഭൂമികയില്‍ അഞ്ച് പതിറ്റാണ്ടിലേറെയായി നിറഞ്ഞു നില്‍ക്കുന്ന കവിയും മുതിര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ. ആര്‍. രാമചന്ദ്രന് കട്ടപ്പനയിലെ വിവിധ കലാ-സാംസ്‌കാരിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ആദരവ് നല്‍കി. കവിതാരാമം എന്ന പേരില്‍ സംഘടിപ്പിച്ച ആദരസന്ധ്യ കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ ആര്‍ രാമചന്ദ്രന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ 'ഊന്നുവടികള്‍' കവി ജിജി കെ. ഫിലിപ്പ് പ്രകാശനം ചെയ്തു. പ്രശസ്ത നോവലിസ്റ്റ് പുഷ്പമ്മ ആദ്യപ്രതി ഏറ്റുവാങ്ങി. എഴുത്തുകാരന്‍ എന്നതിലുപരി മികച്ച സംഘാടകന്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍, സാംസ്‌കാരിക-രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ പ്രദേശത്തിന്റെ സാമൂഹിക പുരോഗതിക്കായി നിരന്തരം ഇടപെടുന്ന വ്യക്തിത്വമാണ് കെ. ആര്‍. രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ കവിതാവഴികളെയും സാംസ്‌കാരിക സംഭാവനകളെയും മുന്‍നിര്‍ത്തി വിപുലമായ പരിപാടികളാണ് ആദരസന്ധ്യയുടെ ഭാഗമായി ക്രമീകരിച്ചിരുന്നത്. ജില്ലയിലെ കവികള്‍ കവിതകള്‍ ചൊല്ലിക്കൊണ്ട് കെ ആര്‍ രാമചന്ദ്രന് കവിതാദരം നല്‍കി. കെ ആറിന്റെ തിരഞ്ഞെടുക്കപ്പെട്ട കവിതകള്‍ ഗായകര്‍ ആലപിച്ചു. അദ്ദേഹത്തിന്റെ കാവ്യലോകത്തെ അടിസ്ഥാനമാക്കി കവിതയിലെ പ്രതിരോധം, പെണ്ണിടങ്ങള്‍, മാനവികത, സ്വത്വബോധം എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സൗഹൃദാനുഭവങ്ങള്‍ പങ്കുവച്ചു. മോബിന്‍ മോഹന്‍ അധ്യക്ഷനായി.
What's Your Reaction?