വില ഉയര്‍ന്നതോടെ ഏലത്തോട്ടങ്ങളില്‍ മോഷണം വ്യാപകം: ഭൂമിയാംകുളത്തെ തോട്ടത്തില്‍നിന്ന് മോഷ്ടിച്ചത് 100 കിലോ ഏലക്ക
വില ഉയര്‍ന്നതോടെ ഏലത്തോട്ടങ്ങളില്‍ മോഷണം വ്യാപകം: ഭൂമിയാംകുളത്തെ തോട്ടത്തില്‍നിന്ന് മോഷ്ടിച്ചത് 100 കിലോ ഏലക്ക
ഇടുക്കി: ഏലക്കായ്ക്ക് വില ഉയര്‍ന്നതോടെ തോട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണവും വ്യാപകമാകുന്നു. ഉടമകള്‍ സ്ഥലത്തില്ലാത്ത തോട്ടങ്ങളിലാണ് മോഷണം വ്യാപകമായി നടക്കുന്നത്. തടിയമ്പാട്, മഞ്ഞപ്പാറ, ഭൂമിയാംകുളം മേഖലകളിലാണ് മോഷണം കൂടുതല്‍. ജോലി സംബന്ധമായി തിരുവനന്തപുരത്ത് താമസിക്കുന്ന മണിയാറന്‍കുടി തൊട്ടിയില്‍ ജീനാമോളുടെ ഭൂമിയാംകുളത്തുള്ള ഒരേക്കര്‍ തോട്ടത്തില്‍നിന്ന് കഴിഞ്ഞ ദിവസം 150 കിലോ ഏലക്ക മോഷ്ടിക്കപ്പെട്ടു. അവധിക്ക് നാട്ടിലെത്തി കൃഷിസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് വിളവെടുക്കാറായ ഏലക്കകള്‍ വ്യാപകമായി പറിച്ചുമാറ്റിയ വിവരം ഇവര്‍ അറിയുന്നത്. സമാനമായി മഞ്ഞപ്പാറ പുല്ലുമലയില്‍ സതീഷിന്റെ തോട്ടത്തില്‍നിന്നും 100 കിലോയിലേറെ ഏലക്ക മോഷണം പോയി. സ്ഥലമുടമ കൃഷിയിടത്തില്‍ വരാത്ത ദിവസങ്ങള്‍ നോക്കിവച്ച് പകല്‍ സമയത്താണ് കവര്‍ച്ച. ഉടമ ചുമതലപ്പെടുത്തിയ പണിക്കാരാണെന്ന വ്യാജേനയാണ് ഇവര്‍ പകല്‍ വെളിച്ചത്തില്‍ മോഷണം നടത്തുന്നത്. ഏലച്ചെടിയുടെ ശരം ചെത്തിയെടുക്കാതെ മൂപ്പെത്തിയ കായകള്‍ മാത്രം അടര്‍ത്തിയെടുക്കുന്നതിനാല്‍ മോഷണം നടന്ന വിവരം പെട്ടെന്നാരും തിരിച്ചറിയാറുമില്ല. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് സമീപത്തെ മറ്റു തോട്ടങ്ങളിലും സമാന രീതിയില്‍ മോഷണം നടന്നിരുന്നു. അന്ന് കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. പുതിയ പരാതികളുടെ അടിസ്ഥാനത്തില്‍ ഇടുക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും എത്രയും വേഗം പ്രതികളെ പിടികൂടണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
What's Your Reaction?