തോട്ടം തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം: ബിജെപി ഏകദിന ഉപവാസ സമരം ആഗസ്റ്റ് 2ന് വണ്ടിപ്പെരിയാറില്‍
തോട്ടം തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം: ബിജെപി ഏകദിന ഉപവാസ സമരം ആഗസ്റ്റ് 2ന് വണ്ടിപ്പെരിയാറില്‍
ഇടുക്കി: തോട്ടം മേഖലയിലെ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് രണ്ടിന് വണ്ടിപ്പെരിയാറില്‍ ഏകദിന ഉപവാസംസംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ നേതാക്കള്‍ അറിയിച്ചു. രാവിലെ 9ന് ആരംഭിക്കുന്ന ഏകദിന ഉപവാസം സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകിട്ട് 5ന് സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍ ഉദ്ഘാടനം ചെയ്യുന്നതുമാണ്. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വിസി വര്‍ഗീസ്, ജില്ലാ ജനറല്‍ സെക്രട്ടറി സി സന്തോഷ് കുമാര്‍, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, നേതാക്കളായ ശ്രീനഗരി രാജന്‍, ഷാജി നെല്ലിപ്പറമ്പില്‍ എന്നിവര്‍ സംസാരിക്കും. രണ്ടു നൂറ്റാണ്ടുകളിലേറെ പഴക്കമുള്ളവയാണ് പീരുമേട് താലൂക്കിലെ തോട്ടം തൊഴിലാളികള്‍ അധിവസിക്കുന്ന മിക്ക ലയങ്ങളും. സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ അതീവ ദയനീയമായി തുടരുകയാണ്. കാലിത്തൊഴുത്തുകളെക്കാള്‍ അതീവ ദയനീയമാണ് മിക്ക ലയങ്ങളിലെയും കാഴ്ചകള്‍. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകളും കാറ്റടിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ് ലയങ്ങള്‍. ഇത് തോട്ടം തൊഴിലാളികളുടെ ജീവന് ഭീഷണിയുയര്‍ത്തുന്നു. കാലപ്പഴക്കം ചെന്ന ലയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. ഇവര്‍ക്ക് ആവശ്യത്തിനുള്ള ശൗചാലയങ്ങളോ കുടിവെള്ളമോ ചികിത്സാ സൗകര്യങ്ങളോ ലഭിക്കുന്നില്ല. ഇവിടുത്തെ ജനജീവിതം പൂര്‍ണമായും നരക തുല്യമായി മാറിയിരിക്കുന്നതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ പകര്‍ച്ച വ്യാധി ഭീഷണിയിലുമാണ്. റേഷന്‍ കാര്‍ഡുകള്‍ ഉണ്ടെങ്കിലും റേഷന്‍ വാങ്ങാന്‍ കിലോമീറ്ററുകള്‍ നടന്നുപോകേണ്ട അവസ്ഥയാണ്. തോട്ടം മേഖലയിലെ സ്‌കൂളുകളില്‍ ആവശ്യത്തിന് അധ്യാപകര്‍ ഇല്ലാത്തത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അനന്തമായ ടൂറിസം സാധ്യതകളുള്ള പീരുമേട് താലൂക്കില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മേഖലയെ അവഗണിക്കുന്നതിനാല്‍ ടൂറിസം വികസനത്തിന് അനുയോജ്യമായ നടപടികളും ഉണ്ടാകുന്നില്ല. വാര്‍ത്താസമ്മേളനത്തില്‍ സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, ജില്ലാ സെക്രട്ടറി കെ കുമാര്‍, ട്രഷറര്‍ അമ്പിളി രാജന്‍, ജില്ലാ വൈസ് പ്രസിഡന്റ് എ വി മുരളി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വിഷ്ണു പ്രസാദ്, പീരുമേട് മണ്ഡലം സെക്രട്ടറി സനോജ് സരസന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?