ദേവികുളം മണ്ഡലത്തില്‍ കനത്ത മഴ: അടിമാലിയില്‍ കടകളില്‍ വെള്ളം കയറി; കല്ലാര്‍കുട്ടിയില്‍ മണ്ണിടിച്ചില്‍
ദേവികുളം മണ്ഡലത്തില്‍ കനത്ത മഴ: അടിമാലിയില്‍ കടകളില്‍ വെള്ളം കയറി; കല്ലാര്‍കുട്ടിയില്‍ മണ്ണിടിച്ചില്‍
ഇടുക്കി: ദേവികുളം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ പെയ്ത ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. അടിമാലിയില്‍ ഓടകള്‍ കവിഞ്ഞൊഴുകി ഇരുപതിലേറെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. കല്ലാര്‍കുട്ടിക്കും കത്തിപ്പാറയ്ക്കും സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. അടിമാലി ഫെഡറല്‍ ബാങ്ക് ജങ്ഷനുസമീപവും ലൈബ്രറി റോഡിലുമാണ് കടകളില്‍ വെള്ളം കയറി വ്യാപാരികള്‍ക്ക് വലിയ നഷ്ടമുണ്ടായത്. ചോറ്റുപാറ സബ് സ്റ്റേഷന്‍ പടിയിലും റോഡില്‍ വെള്ളക്കെട്ടുണ്ടായി. ഫെഡറല്‍ ബാങ്ക് പരിസരത്ത് മഴ പെയ്താല്‍ വെള്ളം കയറുന്നത് പതിവാണെന്നും പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. കൂമ്പന്‍പാറയ്ക്കുസമീപം കല്ലാര്‍കുട്ടിയിലും കത്തിപ്പാറയ്ക്കുസമീപവുമാണ് മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മൂന്നാര്‍, മാങ്കുളം, ബൈസണ്‍വാലി മേഖലകളിലും മഴ ശക്തമായി തുടരുന്നുണ്ടെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലയോര മേഖലകളില്‍ രാത്രികാല യാത്ര ഒഴിവാക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ-പ്രാദേശിക ഭരണകൂടങ്ങള്‍ നിര്‍ദ്ദേശം നല്‍കി.
What's Your Reaction?