സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി വാളറ വെള്ളച്ചാട്ടം
സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി വാളറ വെള്ളച്ചാട്ടം
ഇടുക്കി: മഴ ശക്തമായതോടെ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി അടിമാലി വാളറ വെള്ളച്ചാട്ടം. ഇടുക്കിയുടെ പ്രവേശന കവാടമായ നേര്യമംഗലം പാലം കഴിഞ്ഞാല്‍ പിന്നെ സഞ്ചാരികളെ വരവേല്‍ക്കുന്നത് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങളാണ്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയ്ക്ക് സമീപമാണ് വാളറ വെള്ളച്ചാട്ടം. ദേശീയപാതയുടെ ഓരത്തുനിന്ന് തന്നെ വാളറ വെള്ളച്ചാട്ടം ആസ്വദിക്കാനാകും. സീസണ്‍ സമയങ്ങളില്‍ നിരവധി സഞ്ചാരികളാണ് ഇവിടെയിറങ്ങി ഫോട്ടോയും വീഡിയോയും എടുത്തുമടങ്ങുന്നത്. കൊരങ്ങാട്ടി തലമാലിയില്‍ നിന്നാരംഭിക്കുന്ന മലവെള്ളവും ചില്ലിത്തോട്ടില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളവും ഇരുമ്പുപാലത്ത് സംഗമിച്ച് ദേവിയാര്‍ പുഴയിലൂടെ തൊട്ടിയാര്‍ കവിഞ്ഞ് വാളറകുത്തില്‍ എത്തുന്നു. കൂടാതെ ചെറുതും വലുതുമായ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് വാളറകുത്തില്‍ എത്തുന്നത്. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വനമേഖലയില്‍ സഞ്ചാരികളെ മനം കവര്‍ന്ന് നിരവധി നീര്‍ച്ചാലുകളും ചെറു വെള്ളച്ചാട്ടങ്ങളും ആസ്വദിക്കുവാന്‍ കഴിയും. ദിവസേന നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്.
What's Your Reaction?