വിചാരണ സദസ്സുമായി യുഡിഎഫ്: നിയോജകമണ്ഡലം പരിപാടി ശനിയാഴ്ച ചെറുതോണിയില്‍

വിചാരണ സദസ്സുമായി യുഡിഎഫ്: നിയോജകമണ്ഡലം പരിപാടി ശനിയാഴ്ച ചെറുതോണിയില്‍

Nov 7, 2023 - 18:12
Jul 6, 2024 - 18:27
 0
വിചാരണ സദസ്സുമായി യുഡിഎഫ്:  നിയോജകമണ്ഡലം പരിപാടി ശനിയാഴ്ച ചെറുതോണിയില്‍
This is the title of the web page

ഇടുക്കി :  എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിയും കെടുകാര്യസ്ഥതയും ദുര്‍ഭരണവും നടത്തുകയാണെന്നും ഇടുക്കിയെ അവഗണിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫ് നടത്തുന്ന വിചാരണ സദസ്സിന്റെ ഇടുക്കി നിയോജകമണ്ഡലം പരിപാടി ശനിയാഴ്ച ചെറുതോണിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ചെറുതോണിയില്‍ നടക്കുന്ന സദസ് അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അഴിമതിയും ധൂര്‍ത്തും കൈമുതലാക്കിയ പിണറായി സര്‍ക്കാര്‍ നടത്തുന്ന ആഡംബര യാത്ര ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കടക്കെണിമൂലം നെല്‍കര്‍ഷകരും ക്ഷീര കര്‍ഷകരും ആത്മഹത്യ ചെയ്യുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഭവന നിര്‍മാണത്തിന് ഗഡുക്കള്‍ ലഭിക്കാത്തതുമൂലം വീട്ടുടമസ്ഥര്‍ ജീവനൊടുക്കി. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതോടെ അമ്മമാര്‍ ഭിക്ഷ യാചിച്ച് തെരുവിലൂടെ നടക്കുകയാണ്. ജനങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും നിരവധി വാഹനങ്ങളുടെ അകമ്പടിയില്‍ ഒന്നരമാസക്കാലത്തെ ആഡംബര യാത്ര നടത്തുന്നത്. ഇത് പൊതുജനം മറക്കില്ലെന്ന് യുഡിഎഫ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയാന്‍ ഇല്ലാത്തതുകൊണ്ട് കോണ്‍ഗ്രസിനെ ചീത്തവിളിച്ചും കേന്ദ്രത്തിനെ കുറ്റപ്പെടുത്തിയുമാണ് യാത്ര നടത്തുന്നത്. പ്രതിഷേധം പ്രകടിപ്പിക്കുന്നവരെ മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിക്കാനെന്നപേരില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് പാര്‍ട്ടിക്കാരെക്കൊണ്ടും പൊലീസിനെകൊണ്ടും ക്രൂരമായി മര്‍ദിക്കുന്ന കാഴ്ചയാണ് എങ്ങും.

ഇടുക്കി പാക്കേജിന്റെ പേരിലുള്ള ജനവഞ്ചനക്കെതിരെയും ജില്ലയിലെ ജനങ്ങളുടെ രോഷം പ്രകടമാക്കുന്ന പരിപാടിയായിരിക്കും ജന വിചാരണ സദസ്സ്. സര്‍ക്കാരിനെതിരെ കുറ്റപത്രം വായിച്ചുഅവതരിപ്പിക്കും. എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, മുന്‍ എം പി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്, ടി എം സലിം, സി പി മാത്യു, അഡ്വ എസ് അശോകന്‍ എന്നിവര്‍ പ്രസംഗിക്കുമെന്ന് പ്രൊഫ. എം ജെ ജേക്കബ്, എം കെ പുരുഷോത്തമന്‍, ജോയി കൊച്ചുകരോട്ട്, എ.പി. ഉസ്മാന്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, സാം ജോര്‍ജ്, അനീഷ് ജോര്‍ജ്, അനില്‍ ആനയ്ക്കനാട്ട്, പി.ഡി.ജോസഫ്, സി.പി.സലിം തുടങ്ങിയവര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow