ജനപ്രതിനിധികള്‍ മൗനം പാലിച്ചു: പശുമല-മ്ലാമല റോഡിലെ കാട് വെട്ടിത്തെളിച്ച് നാട്ടുകാര്‍
ജനപ്രതിനിധികള്‍ മൗനം പാലിച്ചു: പശുമല-മ്ലാമല റോഡിലെ കാട് വെട്ടിത്തെളിച്ച് നാട്ടുകാര്‍
ഇടുക്കി: റോഡരികിലെ കാടുകള്‍ വെട്ടിമാറ്റാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പശുമല-മ്ലാമല റോഡില്‍ നാട്ടുകാര്‍ ശുചീകരണം നടത്തി. അപകടഭീഷണി ഉയര്‍ത്തി റോഡിലേക്ക് പടര്‍ന്നുകിടന്ന കാടുകള്‍ യന്ത്രസഹായത്തോടെ നാട്ടുകാര്‍ ഒന്നിച്ചിറങ്ങി വെട്ടിത്തെളിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജനപ്രതിനിധികളെ നാട്ടുകാര്‍ ഇടപെടാന്‍ അനുവദിക്കാതെ മാറ്റിനിര്‍ത്തി. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. അഞ്ചിലേറെ വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പാതയിലെ കാടുകള്‍ വെട്ടിമാറ്റണമെന്ന് പഞ്ചായത്തിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിരുന്നില്ല. ഇതോടെ വാട്സാപ്പ് കൂട്ടായ്മയിലൂടെ ഏകോപിപ്പിച്ചാണ് പ്രദേശവാസികള്‍ നേരിട്ട് രംഗത്തിറങ്ങിയത്. യഥാര്‍ഥത്തില്‍ എട്ട് മീറ്റര്‍ വീതിയുള്ള റോഡ് നിലവില്‍ നാല് മീറ്ററായി ചുരുങ്ങിയിരിക്കുകയാണ്. റോഡിന്റെ വീതി വീണ്ടെടുക്കാന്‍ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മുമ്പ് സമാനരീതിയില്‍ നാട്ടുകാര്‍ ചേര്‍ന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡിന്റെ വീതികൂട്ടിയത് വിവാദമാവുകയും പലര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കൂടാതെ മ്ലാമല മുതല്‍ തേങ്ങാക്കല്‍ വരെയുള്ള മൂന്നര കിലോമീറ്റര്‍ റോഡ് വിട്ടുനല്‍കാന്‍ എസ്റ്റേറ്റ് അധികൃതര്‍ തടസ്സം നില്‍ക്കുന്നതായും പരാതിയുണ്ട്. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ വീണ്ടും ശക്തമായ ജനകീയ ഇടപെടലുകള്‍ ഉണ്ടാകുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.
What's Your Reaction?