പ്രിസ്‌കില്ലയുടെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി: കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ സ്‌കൂളിന് അഭിനന്ദനം
പ്രിസ്‌കില്ലയുടെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി: കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ സ്‌കൂളിന് അഭിനന്ദനം
ഇടുക്കി: 101 വിഭവങ്ങളൊരുക്കി ശ്രദ്ധേയമായ ഓണസദ്യ സംഘടിപ്പിച്ച കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂളിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. സ്‌കൂളിലെ ഓണാഘോഷത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ച് നാലാം ക്ലാസ് വിദ്യാര്‍ഥിനി പ്രിസ്‌കില്ല അയച്ച കത്തിന് മറുപടിയായാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ആശംസാക്കത്ത് അയച്ചത്. കുട്ടികളുടെ സര്‍ഗാത്മകതയും സാമൂഹിക പങ്കാളിത്തവും വളര്‍ത്തുന്ന ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. പഠനത്തോടൊപ്പം സഹജീവിസ്‌നേഹവും സാമൂഹികബോധവും വളര്‍ത്താന്‍ സ്‌കൂള്‍ നടത്തുന്ന ഇടപെടലുകളെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയെയും കത്തില്‍ പ്രശംസിച്ചു. ഓഗസ്റ്റ് 21നാണ് അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്‌കൂളില്‍ 101 വിഭവങ്ങളുടെ വിപുലമായ ഓണസദ്യ ഒരുക്കിയത്. തുടര്‍ന്ന് സദ്യയുടെ വിവരങ്ങള്‍ പങ്കുവെച്ചും ആഘോഷത്തിലേക്ക് ക്ഷണിച്ചും പ്രിസ്‌കില്ല മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഒപ്പുവെച്ച മറുപടിക്കത്ത് സ്‌കൂളില്‍ എത്തിയതോടെ പ്രിസ്‌കില്ലയും സഹപാഠികളും അധ്യാപകരും ആഹ്ലാദത്തിലാണ്. പ്രധാനാധ്യാപിക ലിന്‍സി ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അഭിനന്ദനം.
What's Your Reaction?