ഡിവൈഎഫ്‌ഐ ചെല്ലാര്‍കോവിലില്‍ ഓണാഘോഷം നടത്തി
ഡിവൈഎഫ്‌ഐ ചെല്ലാര്‍കോവിലില്‍ ഓണാഘോഷം നടത്തി
ഇടുക്കി: ഡിവൈഎഫ്‌ഐ ചെല്ലാര്‍കോവില്‍ യൂണിറ്റും ജനകീയ കമ്മിറ്റിയും ചേര്‍ന്ന് ഓണാഘോഷം നടത്തി. 150 കിലോ ഭാരമുള്ള തടി ചുമക്കല്‍ മത്സരവും ചികിത്സാ ധനശേഖരണാര്‍ഥം നടത്തിയ ജനകീയ ലേലവും ആഘോഷത്തെ ശ്രദ്ധേയമാക്കി. തടി ചുമട് മത്സരങ്ങളിലെ സ്ഥിരം വിജയി തടിയമ്പാട് സ്വദേശി ഷിജോ മത്സരം ഉദ്ഘാടനംചെയ്തു. സമാപന യോഗവും സമ്മാനദാനവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനംചെയ്തു. ഇരുപതിലേറെ പേര്‍ പങ്കെടുത്ത മത്സരത്തില്‍ 402 മീറ്റര്‍ തടി ചുമന്നെത്തിച്ച കടശ്ശിക്കടവ് സ്വദേശി ബിജു ഒന്നാം സ്ഥാനം നേടി. 5001 രൂപയും എവറോളിങ് ട്രോഫിയും ബിജുവിന് ലഭിച്ചു. രണ്ടാം സ്ഥാനം നേടിയ കമ്പംമെട്ട് സ്വദേശി ജോഷി 3001 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം നേടിയ കടശ്ശിക്കടവ് സ്വദേശി മരുത് 2001 രൂപയും ട്രോഫിയും സ്വന്തമാക്കി. നിര്‍ധന രോഗിയുടെ ചികിത്സാ സഹായത്തിനായി സംഘടിപ്പിച്ച ജനകീയ ലേലത്തില്‍ മുട്ടനാട് 54,000 രൂപയ്ക്കും പൂവന്‍കോഴി 16,500 രൂപയ്ക്കുമാണ് ലേലത്തില്‍ പോയത്. ഈ തുക മുഴുവന്‍ രോഗിയുടെ കുടുംബത്തിന് കൈമാറി. ആഘോഷങ്ങളുടെ ഭാഗമായി പെനാല്‍റ്റി ഷൂട്ടൗട്ട് ഉള്‍പ്പെടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങളും നടന്നു.
What's Your Reaction?