കോണ്‍ഗ്രസുകാര്‍ നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നു: സി വി വര്‍ഗീസ്
കോണ്‍ഗ്രസുകാര്‍ നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നു: സി വി വര്‍ഗീസ്
ഇടുക്കി: ഭരണസ്വാധീനമുപയോഗിച്ച് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. കട്ടപ്പന സൗത്ത് ലോക്കല്‍ കമ്മിറ്റി വള്ളക്കടവില്‍ സംഘടിപ്പിച്ച നയവിശദീകരണ യോഗവും സീതാറാം യെച്ചൂരി അനുസ്മരണവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വള്ളക്കടവിലുണ്ടായ സംഘര്‍ഷത്തിലേക്ക് നയിച്ചത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റിന്റെ പ്രകോപനപരമായ ഇടപെടലുകളും അസഭ്യവര്‍ഷവുമാണ്. ഇത്തരം സംഭവങ്ങളെ പാര്‍ടി രാഷ്ട്രീയപരമായും നിയമപരമായും നേരിടും. നാടിന്റെ ഐക്യം തകര്‍ക്കാന്‍ മനപ്പൂര്‍വം സംഘര്‍ഷങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ പൊലീസ് നിഷ്പക്ഷമായി അന്വേഷണം നടത്തി നടപടിയെടുക്കണം. ഭരണത്തിന്റെ മറവില്‍ സാധാരണക്കാരെയും തൊഴിലാളികളെയും വേട്ടയാടിയാല്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും.
യുഡിഎഫ് സര്‍ക്കാരിന്റെ മൂന്നുമാസ കാലയളവിലുണ്ടായ ദ്രോഹനടപടികള്‍ ജനത്തെ ബുദ്ധിമുട്ടിക്കുകയാണ്. തുടര്‍ച്ചയായ വൈദ്യുതി മുടക്കത്തില്‍ ആളുകള്‍ ബുദ്ധിമുട്ടുന്നു. തീവ്രമഴയില്‍ നാടാകെ ദുരിതക്കയത്തിലായപ്പോള്‍ മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ സ്വകാര്യ യാത്ര നടത്തുകയും സല്‍ക്കാരങ്ങളില്‍ പങ്കെടുക്കുകയുമായിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുടര്‍പ്രളയങ്ങളും മഹാമാരികളും കേരളം ഒറ്റക്കെട്ടായി പ്രതിരോധിച്ചു. ഇപ്പോള്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം നടത്തുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നു. ഇതിനെതിരെ ജനകീയ പോരാട്ടങ്ങളിലൂടെ പ്രതിരോധിക്കാന്‍ പാര്‍ടി നിലപാട് സ്വീകരിച്ചുകഴിഞ്ഞതായും സി വി വര്‍ഗീസ് പറഞ്ഞു. ലോക്കല്‍ സെക്രട്ടറി ലിജോബി ബേബി അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോര്‍ജ്, കെ പി സുമോദ്, സി ആര്‍ മുരളി, കെ എന്‍ വിനീഷ്‌കുമാര്‍, ഫൈസല്‍ ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?