തൊടുപുഴയില്‍ പതിനേഴുകാരനെ സഹപാഠികള്‍ മര്‍ദിച്ച സംഭവം: ചികിത്സാ ചെലവും നഷ്ടപരിഹാരവും നല്‍കിയില്ലെന്ന് കുടുംബം
തൊടുപുഴയില്‍ പതിനേഴുകാരനെ സഹപാഠികള്‍ മര്‍ദിച്ച സംഭവം: ചികിത്സാ ചെലവും നഷ്ടപരിഹാരവും നല്‍കിയില്ലെന്ന് കുടുംബം
ഇടുക്കി: തൊടുപുഴയിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പുതിയ ആരോപണവുമായി കുടുംബം. ഫീസായി മുന്‍കൂര്‍ നല്‍കിയ തുകയും ചികിത്സാ ചെലവും നഷ്ടപരിഹാരവും നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്ന ഗ്രാന്‍ഡിസ് എന്ന വിദ്യാഭ്യാസ സ്ഥാപനം പിന്നീട് വാക്കുമാറ്റിയെന്നാണ് ആരോപണം. ഹോസ്റ്റലില്‍ ഒപ്പം താമസിച്ചിരുന്ന വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകന്റെ നിര്‍ദേശപ്രകാരം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് നല്‍കിയതാണ് മര്‍ദനത്തിന് കാരണമായത്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത 16 വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ എട്ടാം തീയതി സ്ഥാപന ഉടമകളെയും വിദ്യാര്‍ഥിയുടെ മാതാപിതാക്കളെയും സിപിഐഎം ഓഫീസിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയെന്നാണ് കുടുംബം പറയുന്നത്. ഇതിനുപിന്നാലെ ഒന്നാം തീയതി നല്‍കിയ പരാതി തീര്‍പ്പാക്കിയെന്ന് കാണിച്ച് ഓണ്‍ലൈന്‍ അപ്‌ഡേഷന്‍ വന്നു. ഇവിടെവച്ച് ചില പേപ്പറുകളില്‍ ഒപ്പിട്ടുവാങ്ങുകയും ചെയ്തു. ഇതിനുശേഷമാണ് നിലപാടില്‍ മാറ്റം ഉണ്ടായത്. സംഭവത്തില്‍ അട്ടിമറി നടന്നുവെന്ന സംശയമാണ് കുടുംബം മുമ്പോട്ട് വയ്ക്കുന്നത്. സംഭവത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും കുടുംബത്തിന്റെ ആരോപണങ്ങളും അന്വേഷിക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ നിയമപരമായി മുമ്പോട്ടുപോകാന്‍ ഒരുങ്ങുകയാണ് കുട്ടിയുടെ കുടുംബം
What's Your Reaction?