സംസ്ഥാന വനം വന്യജീവി വാരാഘോഷ സമാപനം തേക്കടിയില്‍ നടത്തണം: മന്ത്രിയുമായി പ്രതിനിധികള്‍ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി
സംസ്ഥാന വനം വന്യജീവി വാരാഘോഷ സമാപനം തേക്കടിയില്‍ നടത്തണം: മന്ത്രിയുമായി പ്രതിനിധികള്‍ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി
ഇടുക്കി: സംസ്ഥാന വനം വന്യജീവി വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിന് അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ തേക്കടി വേദിയാക്കണമെന്ന് ആവശ്യപ്പെട്ട് കുമളിയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, വ്യാപാര സംഘടനാ പ്രതിനിധികള്‍ വനം വന്യജീവി വകുപ്പ് മന്ത്രിയുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ജനകീയ വന്യജീവി വാരാഘോഷങ്ങള്‍ക്ക് ആദ്യമായി തുടക്കം കുറിച്ച മണ്ണാണ് തേക്കടിയെന്നും മുന്‍വര്‍ഷങ്ങളില്‍ ആഘോഷത്തിന്റെ പ്രധാന ചടങ്ങുകളില്‍നിന്നും സമാപനത്തില്‍നിന്നും തേക്കടിയെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ജൈവവൈവിധ്യവും വന്യജീവി സംരക്ഷണ മാതൃകകളും പരിസ്ഥിതി സൗഹൃദ ടൂറിസവും പരിഗണിച്ച് സമാപനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം തേക്കടിയാണെന്ന് സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ അനുകൂലമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. തേക്കടി ടൂറിസം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷാജി, പിടിസിഎഫ് ഗവേണിങ് ബോഡി അംഗങ്ങളായ ഷാജി കുരിശുമുട്, എം കെ ഷാജി, ജോഷി പന്തല്ലുംപറമ്പില്‍, ആര്‍എസ്പി താലൂക്ക് സെക്രട്ടറി വി പി സുനില്‍, ടൂറിസം പ്രമോട്ടര്‍മാരായ റോയി ജോസഫ്, സനൂപ് സ്‌കറിയ തുടങ്ങിയവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
What's Your Reaction?