ആനത്താര സംരക്ഷണം: ബിജെപി ഏകദിന ഉപവാസം 12ന് പൂപ്പാറയിൽ
ആനത്താര സംരക്ഷണം: ബിജെപി ഏകദിന ഉപവാസം 12ന് പൂപ്പാറയിൽ
ഇടുക്കി: ആനത്താര സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 12ന് ബി ജെ പി പൂപ്പാറയിൽ ഏകദിന ഉപവാസം നടത്തും. രാവിലെ 9ന് സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്യും. കാട്ടാന ആക്രമണം വീണ്ടും ഉണ്ടാകാനുള്ള ഇടപെടലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. വന്യമൃഗശല്യങ്ങളിൽനിന്ന് കർഷകരെയും തൊഴിലാളികളെയും സംരക്ഷിക്കാനുള്ള സമഗ്ര നയങ്ങളും പ്രവർത്തനങ്ങളും ആവിഷ്ക്കരിക്കാതെ സംസ്ഥാന സർക്കാർ ഉടുമ്പൻചോല, പീരുമേട്, ദേവികുളം , താലൂക്കുകളിലെ അതിർത്തിഗ്രാമങ്ങളിലെ ആനത്താരകൾ സംരക്ഷിക്കാനും തുറന്നു കൊടുക്കുവാനുമുള്ള നീക്കത്തിനെതിരെയാണ് സമരം. ആനകളിൽ നിന്ന് നിരവധി ആക്രമണങ്ങൾ പൊതുജനത്തിന് വീണ്ടും നേരിടേണ്ടിവരുന്ന സാഹചര്യ ങ്ങൾ സൃഷ്‌ടിക്കുവാനാണ് കളക്ടറുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവിലൂടെ സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ പുറത്തിറക്കിയ രേഖകളിൽ നാളിതുവരെ പരാമർശിക്കാത്ത ആനത്താരകൾ ഉണ്ട് എന്ന് പറഞ്ഞ് വനം മന്ത്രി ഷിബു ബേബിജോൺ അതിർത്തിയിലെ ജനങ്ങളുടെ സ്വൈരജീവിതത്തെ തടസപ്പെടുത്തുകയാണ്. ജില്ല രൂപീകരിച്ച് 54 വർഷം കഴിഞ്ഞിട്ടും വനമേഖലയും ജനവാസ മേഖലയും അതിർത്തി കെട്ടിത്തിരിക്കുവാൻ ഇടത് വലത് സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. പകരം സാധാരണക്കാരൻ്റെ വീടുകളും വേലികളും പൊളിച്ച് തുടങ്ങി. മേഘമല, തേക്കടി വന്യജീവി സങ്കേതം, ചിന്നാർ സംരക്ഷിത വനമേഖല മതികെട്ടാൻചോല എന്നിവിടങ്ങളിലേക്ക് തമിഴ്നാട് കേരളാഅതിർത്തി വഴിയുള്ള ആനത്താര തുറന്ന് അതിർത്തിഗ്രാമങ്ങളിലെ ജനജീവിതം കൂടുതൽ ദുഃസഹമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും. സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് നിർവഹിക്കും. സംസ്ഥാന സെക്രട്ടറിമാരായ പന്തളം പ്രതാപൻ, ഡോ. രേണു സുരേഷ്, സംസ്‌ഥാന കമ്മറ്റിയംഗം ശ്രീനഗരി രാജൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സന്തോഷ്‌കുമാർ കെ.കുമാർ രതീഷ് വരകുമല ,സജി വട്ടപ്പാറ , സന്തോഷ് കുമാർ, മണ്ഡലം പ്രസിഡൻ്റുമാരായ കെ.പി. അനീഷ് , ജയകൃഷ്ണൻ, സജിമോൻ തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ സൗത്ത് ജില്ലാ പ്രസിഡൻ്റ്, വി സി വർഗീസ്, ജില്ലാ സെക്രട്ടറി സജി വട്ടപ്പാറ , മണ്ഡലം പ്രസിഡൻ്റ്, കെ പി അനീഷ് ,ജില്ലാ മീഡിയാ കൺവീനർ ജികെ രാജശേഖരൻ എന്നിവർ പങ്കെടുത്തു.
What's Your Reaction?