'അടിച്ച് ഫിറ്റാ'യി കെഎസ്ആര്‍ടിസി ഡ്രൈവര്‍: യാത്രക്കാര്‍ കൈയോടെ പൊക്കി: അറസ്റ്റ്
'അടിച്ച് ഫിറ്റാ'യി കെഎസ്ആര്‍ടിസി ഡ്രൈവര്‍: യാത്രക്കാര്‍ കൈയോടെ പൊക്കി: അറസ്റ്റ്
ഇടുക്കി: മദ്യലഹരിയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളംകാട് സ്വദേശി വിനീഷ് കുമാറാണ് പിടിയിലായത്. യാത്രക്കാരുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി. 45ലേറെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. കുമളിയില്‍നിന്ന് 7.50നാണ് കോട്ടയത്തേയ്ക്ക് ബസ് പുറപ്പെട്ടത്. ചോറ്റുപാറയിലും നെല്ലിമലയിലും ബസിന്റെ നിയന്ത്രണം നഷ്ടമാകുന്നതായും ഡ്രൈവര്‍ അലക്ഷ്യമായി വാഹനമോടിക്കുന്നതായും യാത്രക്കാര്‍ക്ക് സംശയംതോന്നി. എതിരെവന്ന വാഹനങ്ങള്‍ക്കുനേരെ ബസ് ഓടിക്കുന്നതായും പെട്ടെന്ന് വെട്ടിച്ചുമാറ്റുന്നതായും ശ്രദ്ധയില്‍പ്പെട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടോയെന്ന് മുന്നിലിരുന്ന യാത്രക്കാര്‍ ചോദിച്ചെങ്കിലും കുഴപ്പമില്ലെന്ന് ഡ്രൈവര്‍ മറുപടി നല്‍കി. വണ്ടിപ്പെരിയാര്‍ സ്റ്റാന്‍ഡിലേക്ക് വരുന്നതിനിടെ ബസിന്റെ നിയന്ത്രണം വീണ്ടും നഷ്ടമാകുന്നതായി വ്യക്തമായതോടെ യാത്രക്കാര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് താക്കോലും ഊരിയെടുത്തു. സ്ഥലത്തുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ സംഘടിക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുംചെയ്തു. കസ്റ്റഡിയിലെടുത്ത ഡ്രൈവറെ സ്റ്റേഷനിലെത്തിച്ചു. ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയതോടെ വിനീഷ് കുമാറിനെതിരെ കേസെടുത്തു. പിന്നീട് മറ്റൊരു ഡ്രൈവര്‍ എത്തി യാത്രക്കാരുമായി കെഎസ്ആര്‍ടിസി ബസ് കോട്ടയത്തേയ്ക്ക് പുറപ്പെട്ടു.
What's Your Reaction?