ആനയിറങ്കല്‍ ഡാമിന്റെ സുരക്ഷാമേഖലയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ തുടരും: കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്
ആനയിറങ്കല്‍ ഡാമിന്റെ സുരക്ഷാമേഖലയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ തുടരും: കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്
ഇടുക്കി: ആനയിറങ്കല്‍ ഡാമിന്റെ സുരക്ഷാമേഖലയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് കലക്ടര്‍ ഡോ ദിനേശന്‍ ചെറുവാട്ട്. ഡാം സുരക്ഷാ മേഖലയില്‍ അനധികൃതമായി നടത്തുന്ന റിസോര്‍ട്ട് നിര്‍മാണം, ഏലം കൃഷി, വൈദ്യുതവേലികള്‍, മറ്റ് ഫെന്‍സിങ്ങുകള്‍ എന്നിവ അനുവദിക്കാനാവില്ല. അനധികൃതമായി സ്ഥാപിച്ച വേലികള്‍ നീക്കം ചെയ്യാനാണ് ഉത്തരവിട്ടിട്ടുള്ളത്. എന്നാല്‍ വ്യക്തികളുടെ പട്ടയഭൂമിയിലുള്ള വേലികള്‍ക്കോ മറ്റ് നിര്‍മിതികള്‍ക്കോ യാതൊരു നാശനഷ്ടവും വരുത്തരുതെന്ന് ഉത്തരവില്‍ വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലനില്‍ക്കുന്ന ആദിവാസി കുടുംബത്തിന്റെ കാര്യത്തില്‍ കോടതി നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് അനുയോജ്യമായ മറ്റൊരു പ്ലോട്ട് അനുവദിക്കുന്നതുവരെ ഒഴിപ്പിക്കില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ സംബന്ധിച്ച് ട്രൈബല്‍ വകുപ്പ് ഉന്നയിച്ച കാര്യങ്ങളും പരിശോധിച്ച് തുടര്‍നടപടികള്‍ക്കായി വനംവകുപ്പിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?