വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍
വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: ഉപ്പുതറയില്‍ വധശ്രമ കേസിലെ പ്രതിയുടെ ബന്ധുക്കളില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഉപ്പുതറ സ്റ്റേഷനിലെ എസ്‌ഐ കെ ഐ നസീറിനെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ അന്വേഷണവിധേയമായി നടപടി സ്വീകരിച്ചത്. കഴിഞ്ഞ 13ന് വൈകിട്ട് മേരികുളത്തുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റിരുന്നു. സംഭവത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് സമീപവാസിയായ വീട്ടുടമസ്ഥനെതിരെ പൊലീസ് കേസെടുത്തു. അന്വേഷണത്തില്‍ അനുകൂലമായ റിപ്പോര്‍ട്ട് നല്‍കണമെന്ന ആവശ്യവുമായി പ്രതിയുടെ ബന്ധുക്കള്‍ 16ന് സ്റ്റേഷനില്‍ എത്തി എസ്‌ഐയെ സമീപിച്ചു. തുടര്‍ന്ന് താമസസ്ഥലത്തു എത്താന്‍ നിര്‍ദേശിക്കുകയും അവിടെവച്ച് 10,000 രൂപ വാങ്ങുകയും ചെയ്തു. പിറ്റേന്ന് കീഴടങ്ങിയ പ്രതി റിമാന്‍ഡിലായി.
എന്നാല്‍ കൈക്കൂലി നല്‍കിയവിവരം പ്രതിയുടെ ബന്ധുക്കളില്‍ നിന്നുതന്നെ ചോര്‍ന്നു. തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ജില്ലാ പൊലീസ് മേധാവി കട്ടപ്പന ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് തേടി. ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ എസ്‌ഐ കൈക്കൂലി വാങ്ങിയെന്നു കണ്ടെത്തി. ഉപ്പുതറ സിഐ സ്ഥലം മാറിപ്പോയ ഒഴിവിലാണ് കട്ടപ്പന സ്റ്റേഷനില്‍ നിന്ന് നസീര്‍ ഉപ്പുതറ എസ്എച്ച്ഒയുടെ താല്‍ക്കാലിക ചുമതലയില്‍ എത്തിയത്.
What's Your Reaction?






