കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം: ചോദ്യം ചെയ്യല്‍ തുടരുന്നു: നവജാത ശിശുവിന്റെ മൃതദേഹം കാണാമറയത്ത്
കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം: ചോദ്യം ചെയ്യല്‍ തുടരുന്നു: നവജാത ശിശുവിന്റെ മൃതദേഹം കാണാമറയത്ത്

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. നവജാത ശിശുവിന്റെ മൃതദേഹം നശിപ്പിച്ചതായി മൊഴി നല്‍കിയ പ്രധാന പ്രതി കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ നിധീഷി(രാജേഷ്- 31) നെ കട്ടപ്പന ഡിവൈഎസ്പി പി വി ബേബിയും സംഘം ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട നെല്ലിപ്പള്ളില്‍ വിജയ(65)നും കുടുംബവും മുമ്പ് താമസിച്ചിരുന്ന കട്ടപ്പന സാഗര ജങ്ഷനിലെ വീട്ടില്‍ രണ്ടുദിവസം പൊലീസ് പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടതുമായി ബന്ധപ്പെട്ട് നിധീഷ് മൊഴികള്‍ മാറ്റിപ്പറഞ്ഞ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.
അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ നിധീഷും കൊല്ലപ്പെട്ട വിജയനും വിജയന്റെ മകന്‍ വിഷ്ണു(27)വും ചേര്‍ന്ന് 2016 ജൂലൈയില്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ തൊഴുത്തിന്റെ സിമന്റ് തറയ്ക്ക് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മിച്ച് മൃതദേഹം മറവുചെയ്തു. എന്നാല്‍ വീടും സ്ഥലവും വില്‍ക്കാന്‍ തീരുമാനിച്ചതോടെ പിന്നീട് പിടിക്കപ്പെടുമോയെന്ന ഭയത്താല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സ്ലാബ് പൊളിച്ച് മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന്, തെളിവുകളൊന്നും അവശേഷിപ്പിക്കാത്തവിധം പൂര്‍ണമായി നശിപ്പിച്ചു കളഞ്ഞുവെന്നാണ് വിവരം.
കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വിജയന്റെ വാടക വീട്ടില്‍ നിന്ന് വിജയന്റെ മൃതദേഹം കണ്ടെടുത്ത ഞായറാഴ്ച തന്നെ വൈകിട്ടോടെ സാഗര ജങ്ഷനിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു. തൊഴുത്തിന്റെ തറ പൊളിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തിങ്കള്‍ പകല്‍ 3.30 ഓടെ വീണ്ടും വീടിന്റെ പരിസരങ്ങളില്‍ കുഴിച്ച് പരിശോധിച്ചെങ്കിലും വിഫലമായി. 2023 ആഗസ്റ്റിലാണ് വിജയന്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഭാര്യ സുമ(57) യേയും മകളെയും പിന്നീട് ചോദ്യം ചെയ്യും.
What's Your Reaction?






