ശാന്തിപ്പാലത്തെ പുതിയ പാലത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 13 ന്
ശാന്തിപ്പാലത്തെ പുതിയ പാലത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 13 ന്

ഇടുക്കി: അയ്യപ്പന്‍ കോവില്‍ - ഏലപ്പാറ വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ശാന്തിപ്പാലത്തെ പുതിയ പാലം ഉദ്ഘാടനത്തിലേക്ക്. 2018 ആഗസ്റ്റിലെ പ്രളയത്തില്‍ ഒലിച്ചു പോയ പാലത്തിന് പകരം നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 13 ബുധനാഴ്ച.പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കുമെന്ന് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ പറഞ്ഞു. പുതിയ പാലം യാഥാര്‍ത്ഥ്യമായതോടെ പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള അശാന്തിക്കാണ് പരിഹാരമാകുന്നത്.
1984ല്‍ പെരിയാറിനു കുറുകെ ജനകീയ കൂട്ടായ്മ പാലം നിര്‍മിച്ചു. അന്നത്തെ വനംമന്ത്രി എന്‍.എം.ജോസഫാണ് പാലം ഉദ്ഘാടനം ചെയ്തത്. 34 വര്‍ഷത്തിന് ശേഷം 2018 ഓഗസ്റ്റ് 15-ലെ മഹാപ്രളയത്തില്‍ ഈ പാലം ഒലിച്ചു പോയി. ഇതോടെ മ്ലാമല , ഫാത്തിമുക്ക്, ശാന്തിപ്പാലം, പൂണ്ടിക്കുളം, ഹെലിബറിയ, പച്ചക്കാട്, മരുതുംപേട്ട, കീരിക്കര തുടങ്ങിയ പ്രദേശങ്ങളിലെ 600 ഓളം കുടുംബങ്ങളുടെ യാത്ര മുടങ്ങി. മ്ലാമല സ്‌കൂളില്‍ പഠിക്കുന്ന നൂറോളം കുട്ടികളും ,വിവിധ എസ്റ്റേറ്റുകളില്‍ ജോലിക്കു പോകുന്ന തൊഴിലാളികളും ദുരിതത്തിലായി. എം.പി, എം.എല്‍.എ, ത്രിതല പഞ്ചായത്തു പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം സ്ഥലം സന്ദര്‍ശിച്ചു. ഉടന്‍ പാലം എന്ന വാഗ്ദാനം നല്‍കി അവരെല്ലാം മടങ്ങി. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ ചേര്‍ന്ന് പാലത്തിന്റെ പണി തുടങ്ങി .
രണ്ടാഴ്ചകൊണ്ട് ശാന്തിപ്പാലത്ത് വാഹനം കടന്നുപോകാന്‍ പാകത്തില്‍ വീണ്ടും പാലം ഉയര്‍ന്നു. എന്നാല്‍ 2019-ലെ പ്രളയത്തില്‍ ഈ പാലവും ഒലിച്ചു പോയി. തുടര്‍ന്ന് ശാന്തിപ്പാലത്ത് കോണ്‍ക്രീറ്റ് പാലം വേണമെന്ന് ആവശ്യപ്പെട്ട് മ്ലാമല ഫാത്തിമ മാതാ ഹൈസ്‌കൂളിലെ കുട്ടികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്തെഴുതി. വിദ്യാഭ്യാസവും ,തൊഴിലും മുടങ്ങുന്നതടക്കം തങ്ങളുടേയും , നാട്ടുകാരുടേയും ദുരിതം കത്തില്‍ വിവരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അടിയന്തിരമായി പാലം പണിയാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും പാലത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഉദ്ഘാടന യോഗത്തില്‍ എംഎല്‍എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മത -സാമുദായിക പ്രവൃത്തകര്‍ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
What's Your Reaction?






