നാട്ടുകാരുടെ യാത്രാദുരിതം തീര്‍ന്നു: നിരപ്പേല്‍ക്കട- ആനകുത്തി- പൂവേഴ്‌സ് മൗണ്ട് റോഡ് തുറന്നു
നാട്ടുകാരുടെ യാത്രാദുരിതം തീര്‍ന്നു: നിരപ്പേല്‍ക്കട- ആനകുത്തി- പൂവേഴ്‌സ് മൗണ്ട് റോഡ് തുറന്നു

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയിലെ നിരപ്പേല്‍ക്കട- ആനകുത്തി- പൂവേഴ്‌സ് മൗണ്ട് നിര്‍മാണം പൂര്‍ത്തിയായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. പിഡബ്ല്യുഡിയും നഗരസഭയും ചേര്‍ന്നാണ് 6 കിലോമീറ്റര്‍ ദൂരം ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. നഗരസഭയെ ഇരട്ടയാര്‍, പാമ്പാടുംപാറ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന പാത നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമാണ്. കട്ടപ്പനയില്‍ നിന്ന് വേഗത്തില്‍ പാമ്പാടുംപാറ റൂട്ടില്‍ നെടുങ്കണ്ടത്തേയ്ക്ക് എത്തിച്ചേരാന്‍ കഴിയുന്ന റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായിരുന്നു. 2021ല്‍ നഗരസഭ നിര്‍മാണം ആരംഭിച്ചെങ്കിലും പിന്നീട് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയതോടെ നഗരസഭ ഫണ്ട് വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. നഗരസഭ കൗണ്‍സിലര്‍ സിബി പാറപ്പായിയുടെ നേതൃത്വത്തില്‍ പലതവണ നിവേദനം നല്‍കുകയും പിഡബ്ല്യുഡി ഓഫീസ് പടിക്കല്‍ സമരം നടത്തുകയും ചെയ്തു. ഇതിനിടെ റീബില്‍ഡ് കേരളയില്‍ ഫണ്ട് ഇല്ലാതെ നിര്‍മാണം ഉപേക്ഷിച്ചു. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ മുടക്കി നിര്‍മാണം ആരംഭിച്ചെങ്കിലും പൂര്‍ത്തീകരിക്കാനായില്ല. തുടര്‍ന്ന് പിഡബ്ല്യുഡിയെ സമീപിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വിശദമായ രൂപരേഖ തയ്യാറാക്കി. പിന്നീട് പിഡബ്ല്യുഡി ഏറ്റെടുത്ത് 85 ലക്ഷം രൂപ മുതല്‍മുടക്കി ഐറിഷ് ഓട ഉള്‍പ്പെടെ നിര്‍മിച്ച് റോഡ് സഞ്ചാരയോഗ്യമാക്കി. കൗണ്‍സിലര്‍ സിബി പാറപ്പായിക്ക് നാട്ടുകാര്‍ ആനകുത്തി പ്ലാക്കല്‍പ്പടിയില്‍ സ്വീകരണം നല്‍കി. സണ്ണി പടിഞ്ഞാറേക്കുറ്റ്, ബിജു പുത്തേട്ട്, സജോമോന്‍ ജോര്‍ജ്, സുരേഷ് ചാവടിതെക്കേതില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






