ശബരിമലയെക്കുറിച്ചുള്ള തെറ്റായ പ്രചരണം രാഷ്ട്രീയവിരോധം മൂലം: മുഖ്യമന്ത്രി

ശബരിമലയെക്കുറിച്ചുള്ള തെറ്റായ പ്രചരണം രാഷ്ട്രീയവിരോധം മൂലം: മുഖ്യമന്ത്രി

Dec 13, 2023 - 20:13
Jul 7, 2024 - 20:17
 0
ശബരിമലയെക്കുറിച്ചുള്ള തെറ്റായ പ്രചരണം രാഷ്ട്രീയവിരോധം മൂലം: മുഖ്യമന്ത്രി
This is the title of the web page

ഇടുക്കി: രാഷ്ട്രീയ വിരോധം കൊണ്ടുള്ള അസഹിഷ്ണുതയാണ് ശബരിമല വിഷയത്തില്‍ നടക്കുന്ന തെറ്റായ പ്രചാരണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പീരുമേട് മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്‍പിത കഥകളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ശബരിമല ദര്‍ശന വിഷയത്തില്‍ തീര്‍ഥാടകര്‍ക്ക് യാതൊരു ആശങ്കയും വേണ്ട. സുഖകരമായ ദര്‍ശനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നാടിന് വേണ്ടി പാര്‍ലമെന്റില്‍ അരയക്ഷരം മിണ്ടാത്ത എംപിമാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലഭിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല. പാര്‍ലമെന്റിന് പുറത്ത് ശബരിമല വിഷയത്തില്‍ ഇന്ന് സമരം നടത്തുന്ന അവര്‍ അതാണ് തെളിയിക്കുന്നത്. ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാണ്. തീര്‍ഥാടകരെ പരിഭ്രാന്തിയിലാക്കുകയാണ് ഉദ്ദേശ്യം. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞും വസ്തുതകളെ വക്രീകരിച്ചും ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാന്‍ ഏജന്‍സികളുടെ ഉപദേശം സ്വീകരിച്ചാണ് അവര്‍ ഇത്തരത്തില്‍ ചെയ്യുന്നത്. ശബരിമല പോലൊരു തീര്‍ഥാടനകേന്ദ്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കടന്നുവരുന്നത് അനഭിലഷണീയമാണ്. അത് കേരളത്തിനും ശബരിമലക്കും ദോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘാടകസമിതി ചെയര്‍മാന്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷനായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവര്‍ സംസാരിച്ചു. മറ്റു മന്ത്രിമാര്‍, എം എം മണി എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു, കലക്ടര്‍ ഷീബാ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. നവകേരളസദസ്സ് നോഡല്‍ ഓഫീസര്‍ ഡോ. പ്രിയന്‍ അലക്‌സ് റെബല്ലോ സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ ആര്‍ വെള്ളയ്യന്‍ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് പ്രസീത ചാലക്കുടിയുടെ നേതൃത്വത്തില്‍ നാടന്‍പാട്ടും അരങ്ങേറി.

What's Your Reaction?

like

dislike

love

funny

angry

sad

wow