കടുമാക്കുഴി ഭാഗത്ത് അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുവാന്‍ നഗരസഭ ശ്രമിക്കുന്നില്ലെന്ന് ആരോപണം
കടുമാക്കുഴി ഭാഗത്ത് അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുവാന്‍ നഗരസഭ ശ്രമിക്കുന്നില്ലെന്ന് ആരോപണം

ഇടുക്കി: അടിമാലി കുമളി ദേശിയ പാതയില്‍ കടമാക്കുഴി ഭാഗത്ത് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുവാന്‍ ഡിഎഫ്ഒ അനുമതി നല്‍കിയിട്ടും നടപ്പിലാക്കുവാന്‍ കട്ടപ്പന നഗരസഭ ശ്രമിക്കുന്നില്ലെന്ന് ആരോപണം. നഗരസഭ സെക്രട്ടറിയോട് തോട്ടമുടമകളുമായി സംസാരിച്ച് മരങ്ങള്‍ വെട്ടിമാറ്റുവാനുള്ള തുടര്‍നടപടികള്‍ എടുക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതും ഉണ്ടായില്ല. കഴിഞ്ഞ കാലവര്‍ഷത്തില്‍ ആനവിലാസത്തിന് സമീപം വാഹനത്തിന് മുകളിലേയ്ക്ക് ഒടിഞ്ഞു നിന്നിരുന്ന മരം വീണിരുന്നു.ഇതിന് ശേഷവും ഒന്നിലധികം തവണ ഏലത്തോട്ടങ്ങളില്‍ നിന്നിരുന്ന മരങ്ങള്‍ കടപുഴകി ഗതാഗതം തടസ്സപ്പെട്ടിരുന്നു.
നാട്ടുകാരുടെയും വാര്‍ഡ് കൗണ്‍സിലറുടെയും നിരന്തര ശ്രമഫലമായാണ് അപകടസാധ്യതയുള്ള മരങ്ങള്‍ മുറിച്ചു മാറ്റുവാന്‍ ഡിഎഫ്ഒ അനുമതി നല്‍കിയത്. എന്നാല്‍ ഇതിന് തോട്ടം ഉടമകള്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സികര്‍ തങ്കച്ചന്‍ പുരയിടം ഈ വിഷയം കട്ടപ്പന നഗരസഭ ഭരണസമിതിയെയും സെക്രട്ടറിയെയും അറിയിച്ചു. എന്നാല്‍ മരങ്ങള്‍ മുറിപ്പിക്കുവാന്‍ ഒരു നടപടിയും നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായില്ല.കാലവര്‍ഷത്തിന് മുന്‍പായി ജീവന് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന കലക്ടറുടെ നിര്‍ദ്ദേശമുള്ളപ്പോഴാണ് നഗരസഭയുടെ നിസംഗത. ഏത് നിമിഷവും കടപുഴകി അപകടം സൃഷ്ടിക്കാവുന്ന എഴോളം വന്‍മരങ്ങള്‍ ജനവാസ മേഖലയില്‍ മാത്രമുണ്ട്. ഇവയെങ്കിലും അടിയന്തരമായി വെട്ടിമാറ്റണമെന്നാണ് ആവശ്യം.
What's Your Reaction?






