യുവാവിന്റെ ദുരൂഹമരണം കൊലപാതകമെന്ന് അമ്മയും ബന്ധുക്കളും
യുവാവിന്റെ ദുരൂഹമരണം കൊലപാതകമെന്ന് അമ്മയും ബന്ധുക്കളും

ഇടുക്കി: നെടുങ്കണ്ടം തേവാരംമെട്ട് സ്വദേശി ഡൈജുവിന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് അമ്മ സെലിന്‍. ഭാര്യയും സുഹൃത്തും ചേര്‍ന്ന് മകനെ കൊലപ്പെടുത്തിയതായി ഇവര്‍ ആരോപിച്ചു. ഓഗസ്റ്റ് 12ന് ഉച്ചയോടെ വീടിനുള്ളില്‍ പരിക്കേറ്റ നിലയിലാണ് ഡൈജുവിനെ കണ്ടെത്തിയത്. കണ്ണ് പുറത്തേയ്ക്ക് തള്ളിയ നിലയിലും മുറിവേറ്റ നിലയിലുമായിരുന്നു. എന്നാല്‍ ഫാനില്‍ കെട്ടിതുങ്ങിയ ഡൈജുവിന് കയര്‍ അറുത്ത് രക്ഷിക്കുന്നതിനിടെ വീണ് പരിക്കേറ്റെന്നാണ് ഭാര്യ പറഞ്ഞത്. എന്നാല്‍ തന്നെ ആരോ മര്‍ദിച്ചതായി ഡൈജു പറഞ്ഞതായി അമ്മ ആരോപിച്ചു. മധുര മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഓഗസ്റ്റ് 14ന് ഡൈജു മരിച്ചു. തലയ്ക്ക് അടിയേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന പല തെളിവുകളും വീടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും പൊലീസ് പരിശോധിച്ചില്ല. ഡൈജു ആശുപത്രിയില്‍ കിടന്നപ്പോള്‍ വീട്ടിലെ ചോരക്കറകള്‍ ആരോ ഉപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തു. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പലതവണ സ്റ്റേഷനില്‍ എത്തിയെങ്കിലും നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് നവകേരളാ സദസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്റ്റേഷനില്‍ വിളിപ്പിച്ചെങ്കിലും ആശാവഹമായ നടപടി ഉണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്ന് സെലിനും സഹോദരി ടെസിയും പറഞ്ഞു.
What's Your Reaction?






