ടെന്‍ഡര്‍ ഏറ്റെടുക്കാതെ കരാറുകാര്‍: ചിന്നാര്‍ നാലാംമൈല്‍- കൊച്ചു കരിന്തരുവി റോഡ് നിര്‍മാണം വൈകുന്നു
ടെന്‍ഡര്‍ ഏറ്റെടുക്കാതെ കരാറുകാര്‍: ചിന്നാര്‍ നാലാംമൈല്‍- കൊച്ചു കരിന്തരുവി റോഡ് നിര്‍മാണം വൈകുന്നു

ഇടുക്കി: കരാറുകാര്‍ ടെന്‍ഡര്‍ എടുക്കാത്തതിനാല്‍ ചിന്നാര്‍ നാലാംമൈല്‍- കൊച്ചു കരിന്തരുവി റോഡിന് ശാപമോക്ഷമില്ല. വാഴൂര്‍ സോമന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ റോഡ് നിര്‍മാണത്തിന് അനുവദിച്ചിരുന്നു. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല. എന്നാല്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതില്‍ ഉള്‍പ്പെടെ വീഴ്ചവരുത്തിയെന്നാണ് ആക്ഷേപം. കലക്ടറേറ്റില്‍ അവലോകന യോഗത്തില്‍ എംഎല്‍എ ഇടപെട്ടു. ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറായില്ല.ട്രഷറി നിയന്ത്രണത്തെ തുടര്‍ന്നാണ് കരാറുകാര്‍ വൈമനസ്യം കാട്ടുന്നത്. മലയോര ഹൈവേയില്‍ നിന്ന് ചിന്നാര്‍ നാലാംമൈലില്‍ നിന്ന് വാഗമണ്‍ മൊട്ടക്കുന്നിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന പാതയാണിത്. കൊച്ചുകരിന്തരുവി വരെയുള്ള 6 കിലോമീറ്റര്‍ ദൂരം സഞ്ചരയോഗ്യമല്ല. കൈതപ്പതാല്‍ ഗവ. സ്‌കൂളിലെ വിദ്യാര്‍ഥികളും പ്രദേശവാസികളും യാത്രാക്ലേശത്താല്‍ ബുദ്ധിമുട്ടുന്നു.
റോഡു തകര്‍ന്നതോടെ വിനോദസഞ്ചാരികള്‍ ഇതുവഴി എത്താറില്ല. ഇതോടെ വഴിയോര വ്യാപാര കേന്ദ്രങ്ങള്‍ പൂട്ടിപ്പോയി. ഉപ്പുതറ പഞ്ചായത്തും റോഡ് നിര്‍മാണത്തിന് 17 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മാണം ഉടന്‍ തുടങ്ങും. എന്നാല്‍ എംഎല്‍എ ഫണ്ട് കൂടി പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ റോഡ് പൂര്‍ണമായും നിര്‍മിക്കാനാകൂ.
What's Your Reaction?






